'മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്? ദൃശ്യങ്ങളിലെ ശബ്ദം മാറിയാൽ പോലും അർത്ഥം മാറും'; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദം കോടതിയിൽ

കോടതിയെ എതിർത്ത് അതിജീവിതയും പ്രോസിക്യൂഷനും

Update: 2022-06-21 14:24 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയെ എതിർത്ത് അതിജീവിതയും പ്രോസിക്യൂഷനും. മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടതിയെ കുറ്റപ്പെടുത്താനാണ് ശ്രമമെന്ന് വരുത്തി തീർക്കാൻ നോക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ എത് ലാബിൽ പരിശോധിക്കണമെന്ന് പറയാൻ പ്രതിക്കെന്ത് അധികാരമെന്നും സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചുകൂടെ എന്നും കോടതി ചോദിച്ചു. അതേസമയം എഡിറ്റ് നടന്നിട്ടുണ്ടോ എന്നും കോപ്പി ചെയ്തിട്ടുണ്ടോ എന്നും അറിയണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ദൃശ്യങ്ങളിലെ ശബ്ദം മാറിയാൽ പോലും അർത്ഥം മാറും. ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിലെ വാദം മറ്റന്നാൾ തുടരും.

വീഡിയോ ദൃശ്യങ്ങളിലെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന റിപ്പോർട്ടുള്ളപ്പോൾ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നത് എന്തിനെന്ന് ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദീഖിനെ യും ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെയായിരുന്നു സിദ്ദീഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന്റെ പേരില്‍ അയച്ച കത്തില്‍ സിദ്ദീഖിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിലെ വിശദാംശങ്ങള്‍ തേടാനായിരുന്നു ചോദ്യം ചെയ്യല്‍. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം ഈ കത്ത് കണ്ടെത്തിയിരുന്നു. കൂടാതെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപിന് അബദ്ധം പറ്റിയതാണെന്ന സിദ്ദീഖിന്റെ പ്രസ്താവനയെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചറിഞ്ഞു.

കൂടാതെ  ഡോക്ടര്‍ ഹൈദരാലിയെ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് കോടതിയില്‍ പറയേണ്ട മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിചാരണാഘട്ടത്തില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ഹൈദരാലി.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News