പ്രതിഷേധം കോൺഗ്രസിനെതിരെ, എസ്എഫ്‌ഐക്കാർ പിഴുതെടുത്തത് മറ്റൊരു സംഘടനയുടെ കൊടിമരം
എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിനെ യൂത്ത് കോൺഗ്രസുകാർ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കണ്ണൂർ: മലപ്പട്ടത്ത് കോൺഗ്രസിനെതിരായ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐക്കാർ പിഴുതെടുത്ത കൊടിമരം മാറിപ്പോയി. കോൺഗ്രസിന്റെ കൊടിമരമെന്ന് കരുതി എസ്എഫ്‌ഐക്കാർ പിഴുതെടുത്തത് പി.കെ രാഗേഷിന്റെ സംഘടനയുടെ കൊടിമരമായിരുന്നു. കോൺഗ്രസ് വിട്ട പി.കെ രാഗേഷ് രൂപീകരിച്ച രാജീവ്ജി കൾച്ചറൽ ഫോറം സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്‌ഐക്കാർ പിഴുതത്. കൊടിമരം പിഴുതെടുത്ത് അതും ചുമലിലേറ്റിയായിരുന്നു എസ്എഫ്‌ഐ പ്രകടനം.
എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിനെ യൂത്ത് കോൺഗ്രസുകാർ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് മലപ്പട്ടത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രകടനത്തിൽ 'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തീട്ടില്ല' എന്ന് മുദ്രാവാക്യം ഉയർന്നിരുന്നു. ഇതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തിയത്.