"കരിമ്പിന്‍കാട്ടില്‍ കയറിയ ആനയല്ല, മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നാണ് പുതുമൊഴി"

ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ മാതൃകാ പുരുഷനാവാന്‍ വിദ്യഭ്യാസമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും പി.ടി തോമസ് ചോദിച്ചു

Update: 2021-07-29 07:09 GMT
Editor : Suhail | By : Web Desk
Advertising

നിയമസഭ കയ്യാങ്കളിയില്‍ സിപിഎമ്മിനും വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിടി തോമസ് എം.എല്‍.എ. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ എന്നതിന് പകരം, ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നുള്ളതാണ് പുതുമൊഴിയെന്ന് പിടി തോമസ് സഭയില്‍ പറഞ്ഞു. അതിനിടെ നിയമസഭാ കയ്യാങ്കളി കേസില്‍ നിയമ സഭ സ്തംഭിച്ചു. മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്ക്കരിച്ചു.

വിദ്യഭ്യാസമന്ത്രി ഉള്‍പ്പെട്ട നിയമസഭ കയ്യാങ്കളി കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണ്. സാക്ഷര കേരളമെന്ന നാടിന്റെ യശസ്സ് ലോകത്തിന് മുന്നില്‍ സി.പി.എം കളങ്കപ്പെടുത്തി. വിദ്യഭ്യാസമന്ത്രിയും ബഹുമാന്യനായ മുന്‍ സ്പീക്കറും ചേര്‍ന്ന് സഭയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

സ്പീക്കറുടെ കസേര മറിച്ചിട്ടു. കമ്പ്യൂട്ടറുകളും കണ്ണില്‍ കണ്ടെതുമെല്ലാം എറിഞ്ഞുടച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവെച്ചത്. തെരുവ് ഗുണ്ടകളെ നാണിപ്പിക്കും വിധമാണ് സിപിഎമ്മുകാര്‍ സഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് വിമര്‍ശിച്ചു.

അഴിമതിക്കാരനായ ധനകാര്യമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചു സി.പി.എം. എന്നാല്‍ ഇന്ന് കോടതി വിധി കേട്ട് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നുണ്ടാവുക മാണി സാറിന്റെ ആത്മാവായിരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

സഭയില്‍ ഇവ്വിധം പെരുമാറിയ വിദ്യഭ്യാസ മന്ത്രിയായ ശിവന്‍കുട്ടിക്ക് ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ മാതൃകാ പുരുഷനാകാന്‍ പറ്റുന്നതെങ്ങനെയാണെന്നും, പതിനായിരം വരുന്ന അധ്യാപകര്‍ക്ക് നേതൃത്വം കൊടുക്കുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. 'ഗുരു നിന്നു പാത്തിയാല്‍, ശിഷ്യന്‍മാര്‍ നടന്നു പാത്തു'മെന്ന ചൊല്ല് വിദ്യഭ്യാസമന്ത്രിയെ കുറിച്ചുള്ളതാണെന്നും പി.ടി തോമസ് പരിഹസിച്ചു.

അതിനിടെ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രാജി ആവശ്യവുമായി തെരുവിലിറങ്ങിയ പലയിടത്തും സംഘര്‍ഷമുണ്ടായി. എന്നാല്‍ വിദ്യഭ്യാസമന്ത്രി രാജിവെക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News