പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് തള്ളി രാഹുല്‍ സഭയില്‍

വി.ഡി സതീശന്‍ കടുത്ത അതൃപ്തിയില്‍

Update: 2025-09-15 05:04 GMT

തിരുവനന്തപുരം: സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ സഭയിലെത്തിയത്. നേതൃത്വത്തെ മറികടന്ന് സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലായിരിക്കും. എല്ലാ ദിവസവും സഭയില്‍ എത്താനാണ് രാഹുലിന്റെ തീരുമാനം. ചില വിഷയങ്ങൾ ഉയർത്തി സംസാരിക്കാൻ രാഹുല്‍ സ്പീക്കർക്ക് കത്ത് നൽകും. 

എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണ രാഹുലിനുണ്ട്. സ്വതന്ത്രനാണ് എന്ന് പറഞ്ഞ് തള്ളാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ സഭയില്‍ എത്തുന്നതിനെ പ്രതിപക്ഷ നേതാവിനൊപ്പം രമേശ് ചെന്നിത്തലയ്ക്ക് അടക്കം പല മുതിര്‍ന്ന നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. 

Advertising
Advertising

എന്നാല്‍ രാഹുല്‍ സഭയില്‍ എത്തുന്നത് പാര്‍ട്ടിയെ ബാധിക്കില്ല, പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ എംഎല്‍എ എന്ന നിലയില്‍ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനെ തടയാന്‍ കഴിയില്ല എന്നായിരുന്നു എ ഗ്രൂപ്പിലെ ചിലരുടെ അഭിപ്രായം. 

പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞിരുന്നു.

ശനിയാഴ്ച പാലക്കാട്ടേക്ക് രാഹുല്‍ പോകും.  വിവാദത്തിൽപ്പെട്ട ശേഷം ആദ്യമായിട്ടാണ് രാഹുൽ പാലക്കാട് എത്തുക. ഇപ്പോഴും കടുത്ത നിലപാടിലാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം നിയമസഭയില്‍ പോകരുതെന്ന് രാഹുലിനോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ അതൃപ്തിയെ തള്ളികൊണ്ടാണ് രാഹുല്‍ സഭയിലെത്തിയത്.

സര്‍ക്കാരിനെതിരെ കസ്റ്റഡി മര്‍ദന വിഷയങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ച് പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ ഘട്ടത്തില്‍ രാഹുല്‍ സഭയില്‍ എത്തിയാല്‍ ശ്രദ്ധ മുഴുവന്‍ രാഹുലില്‍ ആകുമെന്നതിനാല്‍ സഭയിലേക്ക് എത്തരുത് എന്നായിരുന്നു ഭൂരിപക്ഷ നേതാക്കളുടെയും അഭിപ്രായം. ഭരണപക്ഷം രാഹുലിന്റെ പേര് പറഞ്ഞ് തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് രാഹുല്‍ സഭയിലെത്തരുതെന്ന് ആവശ്യപ്പെട്ടത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News