പരാതിയിലും മൊഴിയിലും വൈരുധ്യം, ബലാത്സംഗമാണെന്ന് ആരോപിക്കാൻ മതിയായ തെളിവില്ല; രാഹുലിന് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്

പരാതി നൽകുന്നതിലെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി

Update: 2025-12-10 14:12 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാംകേസിൽ കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത്. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമെന്നും കോടതി. രാഹുൽ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ല. പരാതി നൽകുന്നതിലെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി . ബലാത്സഗം ആണെന്ന് ആരോപിക്കാൻ മതിയായ തെളിവില്ല. സ്വതന്ത്ര അന്വേഷണം വേണം, എന്നാൽ ശക്തമായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അനാവശ്യമായി തടങ്കലിൽ വെക്കാൻ ആകില്ല. പൊലീസിന് പരാതി നൽകാതെ കെപിസിസി പ്രസിഡന്റിന് നൽകിയതും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് മൊഴിയെടുത്തതെന്നും കോടതി. പരാതി നൽകാനുള്ള കാലതാമസത്തിൽ സംശയം പ്രകടിപ്പിച്ച കോടതി ഹാജരാക്കിയ ചാറ്റുകൾ ആരോപണം തെളിയിക്കുന്നതല്ലെന്നും പറഞ്ഞു. ക്രൂര ബലാത്സംഗത്തിന് ശേഷവും വിവാഹത്തെക്കുറിച്ച് അതിജീവിത സംസാരിച്ചു. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതും ജാമ്യത്തിന് കാരണം. പരാതിക്ക് പിന്നിൽ സമ്മർദമാണെന്ന വാദം തള്ളിക്കളയാനാവില്ല. 

Advertising
Advertising

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് മുൻകൂർ ജാമ്യം അനുവധിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. രാഹുലിനെതിരെയുള്ള 23കാരിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്‌.ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം.തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയവും ജാമ്യ വ്യവസ്ഥയിലുണ്ട്. 15ാം തീയതി രാഹുലിന്‍റെ കേസില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

ക്രൂരബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പൊലീസിന്റെ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം. ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം ശ്രമിച്ചിരുന്നു. രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ സന്ദീപ് വാര്യർക്ക് ആശ്വാസം. ഈ മാസം 15 വരെ സന്ദീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 15ന് സന്ദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News