രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; എഐവൈഎഫ്
'' സ്ത്രീകളുടെ മാനവും അന്തസ്സും സംരക്ഷിക്കാൻ നിയുക്തനായ നിയമസഭ സാമാജികൻ തന്നെ സ്ത്രീകളെ ചൂഷണം ചെയ്തുവെന്നത് പ്രബുദ്ധ കേരളത്തിന് അപമാനം''
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ഗർഭഛിദ്രം നടത്തിയെന്ന ആരോപണം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ജീർണ്ണതയാണ് വെളിപ്പെടുത്തുന്നതെന്ന് എഐവൈഎഫ്.
സ്ത്രീകളുടെ മാനവും അന്തസ്സും സംരക്ഷിക്കാൻ നിയുക്തനായ നിയമസഭ സാമാജികൻ തന്നെ സ്ത്രീകളെ ചൂഷണം ചെയ്തുവെന്നത് പ്രബുദ്ധ കേരളത്തിന്നപമാനമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കണമെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
പരാതി ലഭിച്ച അവസരത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ യുവ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വം ഒടുവിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് പ്രതികരിച്ചത്.
കോൺഗ്രസിന്റെ സദാചാര വിരുദ്ധ സമീപനങ്ങൾക്കും സ്ത്രീ വിരുദ്ധ നിലപാടുകൾക്കുമെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹത്തിന്റെ രാജിക്കായി എ ഐ വൈ എഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി.ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.