Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: ദിലീപിനെ അനുകൂലിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്ഥാനമാനങ്ങളിലുള്ളവര്‍ ഒരിക്കലും വ്യക്തിപരമായ തീരുമാനങ്ങള്‍ രേഖപ്പെടുത്താന്‍ പാടില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയങ്ങളില്‍ സ്വന്തമായി അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് അത് ഫോണില്‍ വിളിച്ച് അറിയിക്കാമെന്നും അല്ലാത്തപക്ഷം ജനങ്ങള്‍ തെറ്റിധരിക്കപ്പെടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
'ഉത്തരവാദപ്പെട്ടവര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ തെറ്റിധരിക്കാനുള്ള സാധ്യതയേറെയാണ്. ഇത് മുന്നണിയുടെ അഭിപ്രായമാണോ പാര്‍ട്ടിയുടേതാണോയെന്ന് സ്വാഭാവികമായും തെറ്റിധരിപ്പിക്കപ്പെടും. എന്നാല്‍, ഇന്ന് അദ്ദേഹം നടത്തിയിട്ടുള്ളത് പാര്‍ട്ടിയുടെയോ മുന്നണിയുടെയോ തീരുമാനമല്ല. പാര്‍ട്ടിക്ക് ഒറ്റ അഭിപ്രായമാണുള്ളത്. അത് അതിജീവിതയ്‌ക്കൊപ്പമാണ്.' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
'ഉത്തരവാദിത്തമുള്ളവര്‍ പദവിയിലിരുന്നുകൊണ്ട് വ്യക്തിപരമായ അഭിപ്രായങ്ങള്‍ നടത്തുമ്പോള്‍ ആ പദവിക്ക് കൂടിയാണ് ക്ഷീണം വരുത്തുന്നതെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഒരു പദവിയില്‍ ഇരുന്നുകൊണ്ട് ഒരിക്കലും നടത്താന്‍ പാടില്ലാത്ത അഭിപ്രായമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹമത് തിരുത്തുമെന്നാണ് പ്രതീക്ഷ.'
അല്ലാത്തപക്ഷം അദ്ദേഹം പാര്‍ട്ടിക്കും പദവിക്കുമാണ് ക്ഷീണം വരുത്തുന്നതെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും നീതി കിട്ടിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു ഇന്ന് രാവിലെ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. 'നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ.എന്നാൽ നീ എല്ലാവർക്കും വേണം.ദിലീപ് നീതി ലഭ്യമായി.കലാകാരൻ എന്നതിനേക്കാൾ അപ്പുറം നേരിട്ട് ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും.ആരെയൊക്കെ ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്ന സർക്കാറാണ്.എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയറായി നിൽക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്?'. എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.
വിവാദമായതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സംപ്രേഷണം ചെയ്തില്ലെന്നും ചില ഭാഗങ്ങൾ മാത്രം കാണിച്ചെന്നും അടൂർ പ്രകാശ് പിന്നീട് പ്രതികരിച്ചിരുന്നു.
കെപിസിസി നിർദേശത്തെ തുടർന്നാണ് അടൂർ പ്രകാശ് നിലപാട് മാറ്റിയത്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദോഷം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ . ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീൽ നൽകുന്നത് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നുമായിരുന്നു രാവിലെ അടൂർ പ്രകാശ് പറഞ്ഞത്.