'പല മെത്രാന്മാരുടെയും നിലപാടുകൾ വേട്ടക്കാരനെ അംഗീകരിക്കാൻ കഴിയുന്ന നിലപാടുകളിലേക്ക് ആ സമൂഹത്തെ എത്തിച്ചു'; തലശ്ശേരി ബിഷപ്പിന് മറുപടിയുമായി രാജു പി.നായര്‍

മുനമ്പം വിഷയം വഖഫ് നിയമ ഭേദഗതി കൊണ്ട് പരിഹരിക്കാൻ കഴിയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണയിട്ട് പറഞ്ഞപ്പോഴും നിങ്ങൾ വിശ്വസിച്ചത് ഈ വേട്ടക്കാരനെ ആയിരുന്നു

Update: 2025-07-31 11:25 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാടകത്തിന് ഇനി തങ്ങളില്ലെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാജു പി.നായര്‍. തിരിച്ചറിവുകൾ നല്ലതാണ്. പക്ഷെ ഇതിനകം തന്നെ പല മെത്രാന്മാരുടെയും നിലപാടുകൾ ഈ വേട്ടക്കാരനെ അംഗീകരിക്കാൻ കഴിയുന്ന നിലപാടുകളിലേക്ക് ആ സമൂഹത്തെ എത്തിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് വായാട്ടുപറമ്പ് ഫൊറോന കരുവഞ്ചാലിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു പാംപ്ലാനി ഇങ്ങനെ പറഞ്ഞത്.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തിരിച്ചറിവുകൾ നല്ലതാണ്. പക്ഷെ ഇതിനകം തന്നെ പല മെത്രന്മാരുടെയും നിലപാടുകൾ ഈ വേട്ടക്കാരനെ അംഗീകരിക്കാൻ കഴിയുന്ന നിലപാടുകളിലേക്ക് ആ സമൂഹത്തെ എത്തിച്ചു. മുനമ്പം വിഷയം വഖഫ് നിയമ ഭേദഗതി കൊണ്ട് പരിഹരിക്കാൻ കഴിയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആണയിട്ട് പറഞ്ഞപ്പോഴും നിങ്ങൾ വിശ്വസിച്ചത് ഈ വേട്ടക്കാരനെ ആയിരുന്നു. പിന്നീട് കിരൺ റിജിജു വന്ന് ആ നിയമം കൊണ്ട് പരിഹരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് വേട്ടക്കാരൻ പ്രതിരോധത്തിലായപ്പോൾ വീണ്ടും അരമനകളിൽ വന്ന് മൂന്ന് ആഴ്ചകൾക്കുള്ളിൽ നിയമത്തിനു ചട്ടം ഉണ്ടാക്കി മുനമ്പം പരിഹരിക്കുമെന്ന് പറഞ്ഞു. ഇപ്പോൾ ചട്ടം ഉണ്ടാക്കിയിട്ടും പരിഹാരമായില്ലല്ലോ എന്ന് ചോദിക്കാൻ ആർജ്ജവം കാണിക്കണം.

ക്രിസ്തീയ വിശ്വാസികളിൽ മുസ്‍ലിം മതവിശ്വാസികൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ നിങ്ങൾ തന്നെ ആയുധമായി. ഈ തിരിച്ചറിവ് സത്യസന്ധമാണെങ്കിൽ നിങ്ങൾ കലുഷിതമാക്കിയ ആ സമൂഹത്തിന്‍റെ ചിന്തകളെ നേരായ വഴിക്ക് തിരിക്കാനുള്ള പ്രചരണം ഏറ്റെടുക്കണം. അവർ നേരിടുന്നത് കൊടിയ വഞ്ചനയാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. അവർക്കിടയിൽ ഉണ്ടാക്കിയ വിദ്വേഷത്തെ ക്രിസ്തീയ വചനങ്ങളിലൂടെ തന്നെ ഇല്ലാതെയാക്കണം. ഈ സഭയ്ക്ക് ഉണ്ടായിരുന്നത് സേവനത്തിന്‍റെയും കരുണയുടെയും സ്നേഹത്തിന്‍റെയും മാർഗങ്ങളായിരുന്നു. സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി നിങ്ങൾ നടത്തിയ ഒത്തുതീർപ്പുകൾ നശിപ്പിച്ചത് ആ ക്രിസ്തീയതയാണ്. അതിനെ തിരിച്ചു കൊണ്ട് വരിക എന്നതാണ് പ്രായശ്ചിത്തം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News