വാരിയംകുന്നന്‍റെ യഥാര്‍ഥ ചിത്രം പുറത്തുവിടാനൊരുങ്ങി 'സുല്‍ത്താന്‍ വാരിയംകുന്നന്‍'

അപൂര്‍വ രേഖകളുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്‍റെ പുസ്തകം

Update: 2021-10-14 04:08 GMT
Advertising

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നീണ്ട പത്ത് വര്‍ഷത്തെ ഗവേഷണങ്ങൾക്ക് ശേഷം താനെഴുതിയ പുസ്തകത്തിന്‍റെ പ്രകാശനം പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. 'സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍' എന്നാണ് പുസ്തകത്തിന് പേര്  നല്‍കിയിരിക്കുന്നത്.  ഇതു വരെ ആർക്കും ലഭ്യമാകാത്ത വാരിയൻ കുന്നന്‍റെ യഥാർത്ഥ ചിത്രമായിരിക്കും തന്‍റെ പുസ്തകത്തിന്‍റെ മുഖചിത്രമെന്ന് റമീസ് മുഹമ്മദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന് കരുതപ്പെടുന്ന ചിത്രങ്ങൾ പലതും പ്രചരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ യഥാർത്ഥ ചിത്രം ഇത് വരെ ആര്‍ക്കും ലഭ്യമായിരുന്നില്ല. നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ഈ അമൂല്യ നിതി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് തനിക്ക് ലഭിച്ചത് എന്ന് റമീസ് മുഹമ്മദ് പറഞ്ഞു. ഇതാദ്യമായാണ് വാരിയംകുന്നന്‍റെ ഫോട്ടോ മുഖചിത്രമാക്കി  ഒരു പുസ്തകം പുറത്തിറങ്ങുന്നത്. 

വാരിയൻ കുന്നന്‍റെ ചിത്രത്തിന് പുറമെ അദ്ദേഹം അമേരിക്കയിലേക്കയച്ച സന്ദേശവും, ബ്രിട്ടൺ, ഓസ്‌ട്രേലിയ, ഫ്രാൻസ് യു.എസ്.എ ,കാനഡ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ നിന്ന് വാരിയൻ കുന്നനെയും അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളെയും പരാമർശിക്കുന്ന ഒട്ടനവധി അപൂർവരേഖകളും ഫോട്ടോകളും പുസ്തകത്തിലുണ്ട്.

'ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാൻ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങൾ പങ്കുവയ്ക്കുകയാണ്' റമീസ് മുഹമ്മദ് പറഞ്ഞു.

 പുസ്തകത്തിന്‍റെ പ്രകാശനം  ഒക്ടോബർ 29 ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ നിര്‍വഹിക്കും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News