ബ്രൂവറിയിൽ അഴിമതി ആരോപണം നിയമസഭയിൽ എഴുതി ഉന്നയിച്ച് ചെന്നിത്തല
അഴിമതിയുടെ കാര്യത്തിൽ മന്ത്രി എം.ബി രാജേഷിന്‍റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദനമെന്നും ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം: ബ്രൂവറി കരാർ മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയെന്ന് നിയമസഭയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഏറ്റവും താല്‍പര്യമുള്ള കമ്പനിയെ മാത്രം തെരഞ്ഞെടുത്തെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അഴിമതി കാര്യത്തിലെ നിശ്ചയദാർഢ്യത്തിന് എം.ബി രാജേഷിനെ അഭിനന്ദിക്കുക യാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ചട്ടം 285 പ്രകാരം സ്പീക്കർക്ക് എഴുതി നൽകിയാണ് നിയമസഭയിൽ രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് കൊണ്ടാണ് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബ്രൂവറി നൽകാതിരുന്നത്. എലപ്പുള്ളിയിലെ ജനങ്ങൾക്ക് കുടിക്കാൻ വെള്ളമില്ല, ഒയാസിസ് കമ്പനിയെ എങ്ങനെയാണ് സർക്കാർ തെരഞ്ഞെടുത്തത് ? ഇതിന് പിന്നിൽ സ്വജനപക്ഷപാതവും അഴിമതിയും ആണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
തെലങ്കാന സർക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം കൊണ്ടാണോ ഒയാസിസ് കമ്പനിക്ക് കരാർ കിട്ടിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്ലിക്ക് വെള്ളം കൊടുക്കാതെയാണ് ഒയാസിസ് കമ്പനിക്ക് വെള്ളം കൊടുക്കാൻ തീരുമാനിച്ചത്. അഴിമതി ആരോപണം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പാടില്ല എന്നാണ് ചട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതുകൊണ്ടാണ് ആരോപണം എഴുതി നൽകി ഉന്നയിച്ചത്. വരും ദിവസങ്ങളിലും ബ്രൂവറി വിഷയം സജീവമാക്കി നിർത്താനാണ് പ്രതിപക്ഷ തീരുമാനം.