സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ചെന്നിത്തല

അതേസമയം എസ്.എഫ്.ഐയുടെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തി.

Update: 2022-06-24 13:03 GMT
Advertising

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ എസ്.എഫ്.ഐ ആക്രമണം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് നോക്കി നിൽക്കെയാണു സംഭവം അരങ്ങേറിയതെന്നത് വളരെ ഗൗരവമേറിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ.പി. ജയരാജനാണ്. എന്നിട്ട് പ്രർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്‍റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ഇപ്പോൾ ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ഗുണ്ടകൾ അടിച്ച് തകർത്തത്. ചെന്നിത്തല പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു

ഈ ആക്രമണങ്ങള്‍ക്കെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പൊലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നെന്നും ചെന്നിത്തല വ്യക്തമാക്കി. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം എസ്.എഫ്.ഐയുടെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തി. ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി അറിയാത്ത സമരമാണ് നടന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന സമരമാണ് നടന്നതെന്നും സി.പി.എം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഇന്ന് മൂന്ന് മണിയോടെയാണ് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെ എസ്.എഫ്‌.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പിന്നീട് പ്രതിഷേധം അക്രമസക്തമാകുകയായിരുന്നു. ബഫർസോൺ വിഷയത്തിൽ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫീസ് അടിച്ചു തകർത്തത്. ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്.എഫ്‌.ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എം.എൽ.എ ആരോപിച്ചു.അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News