പാലക്കാട്ടെ പാതിരാനാടകം; കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം-ബിജെപി ഡീലിന്റെ തുടര്‍ച്ച- രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പൊലീസ് നടത്തിയ ദാസ്യപ്പണിയാണിത്

Update: 2024-11-06 06:33 GMT

തിരുവനന്തപുരം: പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം - ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഏത് വിധേയെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ താറടിച്ചു കാണിക്കാനുള്ള അധമപ്രവര്‍ത്തനമാണ് സിപിഎം നടത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ മഫ്തിയിലടക്കമുള്ള പൊലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറിയത് ശുദ്ധ തെമ്മാടിത്തമാണ്. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി കേരളാ പോലീസ് മാറി.

Advertising
Advertising

സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ബിജെപിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എഡിജിപിയെ ഉപയോഗിച്ചു. പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു.

കൊടകര കുഴല്‍പ്പണകേസ് വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് ബിജെപിയെ രക്ഷിച്ചെടുക്കുന്നതിനുവേണ്ടി വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട് കണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പൊലീസ് നടത്തിയ ദാസ്യപ്പണിയാണിത്. ബിജെപി സ്ഥാനാര്‍ഥിയെ എങ്ങനെയും ജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സിപിഎം കാണിക്കുന്ന ശുദ്ധമായ അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്.  

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News