അപ്പം, ട്രയിൻ, ഇൻഡിഗോ; സിപിഎമ്മിനെ ട്രോളിയ രമേശ് പിഷാരടിയുടെ പ്രസംഗം വൈറൽ

ഐഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു

Update: 2023-05-26 05:55 GMT
Editor : abs | By : Web Desk

തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സിപിഎമ്മിനെ ട്രോളി നടൻ രമേശ് പിഷാരടി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറൽ. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, ഇ.പി ജയരാജൻ തുടങ്ങിയവരെ പരോക്ഷമായി വിമർശിച്ചായിരുന്നു പിഷാരടിയുടെ പ്രസംഗം. നിരവധി കോൺഗ്രസ് നേതാക്കൾ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

'ഈ പ്രസ്ഥാനത്തിന് സാരഥ്യം വഹിക്കുന്നവർ പ്രസംഗിച്ച ശേഷം എന്നെ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ കൈയടിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഈ കൈയടി ജനുവിനാണ്. നിങ്ങൾ എല്ലാവരും ഈ പരിപാടി നടക്കുന്നതറിഞ്ഞ് ബസ്സിലും വണ്ടിയിലുമൊക്കെ കയറി വന്നവരാണ്. അല്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല എന്ന ബോധ്യം എനിക്കുണ്ട്. സിനിമാ മേഖലയിൽ നിന്ന് ഞാനും കമലഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് പേടിയുണ്ടാകും' - പിഷാരടി പറഞ്ഞു.

Advertising
Advertising

കോളജിൽ പഠിക്കുന്ന കാലം മുതൽ കെ.എസ്.യു പരിപാടികളിൽ സജീവമായിരുന്നെന്നും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുമാണ് കോൺഗ്രസിന്റെ ആശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിൽ അപ്പം, ഇൻഡിഗോ, ട്രയിൻ എന്നിവയെ കുറിച്ച് പിഷാരടി പരാമർശിച്ചത് ഇങ്ങനെ; 'ഒരു സ്റ്റേജിൽ കയറി തമാശ പറയാൻ തുടങ്ങി, അപ്പോൾ ആകാശത്തു കൂടി ഒരു വിമാനം പറന്നു പോയി. വിമാനം കണ്ട് ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. നോക്കുമ്പോൾ അതിൽ ഇൻഡിഗോ എന്നെഴുതി വച്ചിട്ടുണ്ട്. ആളുകൾ അതു കണ്ട് പൊട്ടിച്ചിരിക്കുകയാണ്. അപ്പോൾ ഞാൻ കൈ കൊണ്ട് അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആക്ഷൻ കാണിച്ചു സമാധാനപ്പെടുത്തി. നിങ്ങൾ എന്റെ മിമിക്രി കേൾക്കണം. ഞാൻ ട്രയിനിന്റെ ശബ്ദം അനുകരിക്കാൻ പോകുകയാണ് എന്നു പറഞ്ഞു. ട്രയിന്‍ എന്ന കേട്ടപ്പോൾ പിന്നെയും അവർ ചിരിക്കാൻ തുടങ്ങി. ഇപ്പോൾ ചിരിക്കേണ്ട, ഞാൻ ഒരു തമാശ പറയും, അപ്പം ചിരിച്ചാൽ മതിയെന്ന് പറഞ്ഞു. അപ്പം എന്നു കേട്ടപ്പോൾ ഇവർ പിന്നെയും ചിരിക്കാൻ തുടങ്ങി' - പിഷാരടി പറഞ്ഞു.

എഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിലെ കമ്പ്യൂട്ടർ വരെ എടുത്തു കളയുന്നവർക്ക് കമ്പ്യൂട്ടറിനോടുള്ള വിരോധം തീർന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  


Full View


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News