ഇടുക്കിയിലെ റേഞ്ച് പ്രശ്നം; അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Update: 2021-06-04 02:50 GMT
Editor : ijas
Advertising

ഇടുക്കിയിലെ മൊബൈൽ നെറ്റ് വർക്ക് കവറേജ് പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സേവന ദാതാക്കളുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് ബൃഹത് പദ്ധതി തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു. നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ നിരവധി വിദ്യാർഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെട്ട കാര്യം മീഡിയ വൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.


Full View


ജില്ലയില്‍ മൊബൈല്‍ നെറ്റ് വർക്ക് കവറേജ് വര്‍ധിപ്പിക്കാന്‍ വിവിധ പദ്ധതികളാണ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. രാജമല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ 2ജിയിൽ നിന്ന് 3ജിയിലേക്ക് ഉയർത്തും. സ്വകാര്യ കമ്പനികൾക്ക് ടവറുകളില്ലാത്ത 11 സ്ഥലങ്ങളില്‍ ബി.എസ്.എൻ.എലിന്‍റെ ടവറുകള്‍ പങ്കുവയ്ക്കും. മൂന്നാറിലെ തോട്ടം മേഖലയിൽ കെ.ഡി.എച്ച്.പി കമ്പനിയുടെ സമ്മതം ലഭിച്ചാൽ ജിയോ 14 ടവറുകൾ സ്ഥാപിക്കും. വട്ടവട, സ്വാമിയാര്‍കുടി എന്നിവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ തയാറായി സ്ഥലമുടമകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇവരുടെ ഭൂമിയുടെ രേഖ സംബന്ധിച്ച വിഷയങ്ങള്‍ അടിയന്തിരമായി പരിശോധിച്ചു പരിഹാരം കാണും. വനംവകുപ്പിന്‍റെ അനുമതി ലഭിച്ചാൽ ഫൈബര്‍ ഒപ്ടിക്സ് സ്ഥാപിക്കുന്നതിന് തയ്യാറാണെന്ന് വോഡഫോണ്‍ ഐഡിയ അറിയിച്ചിട്ടുണ്ട്.

നടപടികൾ വേഗത്തിൽ പൂർത്തി ആയാൽ കഴിഞ്ഞ ഒരു വർഷമായി വിദ്യാർഥികൾ അനുഭവിച്ചുവന്നിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പരിഹാരമാകുക. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പിയും ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണനും എ.ഡി.എം ടി.വി രഞ്ജിതും വിവിധ മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു. സ്ഥിതിഗതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് അടുത്തയാഴ്ച വീണ്ടും ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Editor - ijas

contributor

Similar News