Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച വി. എസ്. അച്യുതാന്ദന്റേതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം വി.എസ്. അച്യുതാനന്ദന്‍ ആരംഭിച്ചത്. സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭ സംഘാടനത്തിന്റെ നേതൃനിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും, അവിടെനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും എത്തിച്ചേര്‍ന്ന വി എസ്, ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കുന്നതിനായുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നുവെന്നും മാര്‍ റഫേല്‍ തട്ടില്‍ പറഞ്ഞു. ജനകീയ സമരനായകന്‍, ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
എട്ടു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതത്തില്‍ എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള നേതാവായിരുന്നു വി. എസ് അച്യുതാന്ദന്‍. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വിഎസിന്റേത്. സാധാരണമനുഷ്യര്‍ക്ക് എപ്പോഴും ആശ്രയിക്കാമായിരുന്ന രാഷ്ട്രീയ നേതാവായിരുന്ന വി. എസ്സിന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടുമുള്ള സീറോമലബാര്‍ സഭയുടെ അനുശോചനം ഹൃദയപൂര്‍വം രേഖപ്പെടുത്തുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ് അറിയിച്ചു.