നിയമന കോഴക്കേസ്; റഹീസ് റഹ്മാനെ റിമാൻഡ് ചെയ്തു

ഇന്നലെ അറസ്റ്റിലായ റഹീസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്

Update: 2023-10-04 15:54 GMT

തിരുവനന്തപുരം: നിയമന കോഴക്കേസിൽ റഹീസ് റഹ്മാനെ റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായ റഹീസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഒളിവിലുള്ള അഖിൽ സജീവിന്റെ സുഹൃത്താണ് റഹീസ്. ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കൽ എന്നീ കുറ്റങ്ങളാണ് റഹീസിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ചുമത്തിയത്. കേസിലെ ആദ്യ അറസ്റ്റാണ് റഹീസിന്‍റേത്.

ഹരിദാസന്റെ മരുമകൾക്ക് ആയുഷ് മിഷനിലേക്കു ലഭിച്ച പോസ്റ്റിങ് ഓർഡർ ഒരു വ്യാജ ഇ-മെയിലിലൂടെയാണ് വന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വ്യാജ ഇ-മെയിൽ നിർമിച്ചത് റഹീസാണെന്ന നിഗമനത്തിലാണ് അറസ്റ്റ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാൾക്കു പങ്കുണ്ടെന്നും കണ്ടെത്തി.

അതേസമയം ആരോപണം ഉന്നയിച്ച ഹരിദാസൻ ഒളിവിലാണെന്ന നിഗമനത്തിലാണ് പൊലീസ്. മൊഴിയെടുപ്പിനായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് ഹരിദാസനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഹരിദാസന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ആളെ കണ്ടെത്താനുമായില്ല. ലെനിൻ രാജും അഖിൽ സജീവും ഒളിവിലാണ്. ഇവർക്കായും തിരച്ചിൽ തുടരുകയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News