ബഫർസോൺ പ്രദേശങ്ങളിലെ പരാതി പരിഹരിക്കുന്നതിൽ സർക്കാറിന് ഗുരുതര അനാസ്ഥ

26,030 പരാതികൾ ലഭിച്ചതിൽ 18 എണ്ണം മാത്രമാണ് ഇതുവരെ പരിഹരിച്ചത്

Update: 2023-01-04 01:21 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ബഫർസോൺ പ്രദേശങ്ങളിലെ പരാതി പരിഹരിക്കുന്നതിൽ സർക്കാറിന് ഗുരുതര അനാസ്ഥ. 26,030 പരാതികൾ ലഭിച്ചതിൽ 18 എണ്ണം മാത്രമാണ് ഇതുവരെ പരിഹരിച്ചത്. ജനങ്ങൾക്ക് പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് സർക്കാരിന്റെ കടുത്ത അലംഭാവം.

ബഫർസോണിലെ ഉപഗ്രഹ സർവേക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഒന്നിലേറെ ഭൂപടങ്ങൾ പ്രസിദ്ധീകരിക്കുകയും കേന്ദ്രത്തിന് നേരത്തെ സമർപ്പിച്ച സിറോ ബഫർസോൺ റിപ്പോർട്ട് സർക്കാർ പുറത്തു വിടുകയും ചെയ്തത്. ഇതെല്ലാം പരിശോധിച്ച് ജനങ്ങളുടെ വാസസ്ഥലങ്ങളും കെട്ടിടങ്ങളുമൊന്നും ബഫർസോണിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്താമെന്നായിരുന്നു സർക്കാറിന്റെ അവകാശവാദം. പരാതികൾ പരിഹരിക്കാൻ പഞ്ചായത്തുകളിൽ ഹെൽപ് ഡസ്‌കുകൾ രൂപീകരികും.  ഇതുവഴി കിട്ടുന്ന പരാതികൾ വേഗത്തിൽ പരിഹരിക്കും ഇതായിരുന്നു വാഗ്ദാനം. എന്നാൽ പരാതികൾ പരിഹരിക്കാനായി സർക്കാർ ഒരു ആർജവവും കാണിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പെരിയാർ വാലിയിൽ 16 ഉം ഇടുക്കിയിൽ രണ്ടും പരാതികളാണ് പരിഹരിച്ചത്. മലബാർ വന്യജീവി സങ്കേതത്തിൽ മാത്രം 5,203 പരാതികളാണ് ലഭിച്ചത്. 33 പഞ്ചായത്തുകൾ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. കിട്ടിയ പരാതികൾ മുഴുവൻ തീർപ്പാക്കി സുപ്രിംകോടതി കേസ് പരിഗണിക്കുന്ന ജനുവരി 11 ന് മുൻപ് റിപ്പോർട്ട് നൽകാനുള്ള സാധ്യത കുറവാണ്. പരാതികൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി എന്ന് കാണിച്ച് തത്കാലം രക്ഷപ്പെടാനാണ് സർക്കാറിന്റെ ശ്രമം.

അതേസമയം, ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാരിന്റെ തെറ്റുതിരിത്തിച്ച് ജനങ്ങൾക്ക്അനുകൂലമായ തീരുമാനം എടുപ്പിക്കുമെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിനെതിരെ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News