'വകുപ്പ് സെക്രട്ടറി പറഞ്ഞത് വിശ്വസിക്കാനേ എനിക്ക് പറ്റൂ': മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍

റോഷി അഗസ്റ്റിൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകി

Update: 2021-11-11 07:45 GMT
Advertising

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ വീണ്ടും കൈമലര്‍ത്തി മന്ത്രി റോഷി അഗസ്റ്റിന്‍. സെപ്തംബർ 17ന് മരംമുറിക്കുന്നതിന് അനുമതി നല്‍കിയുള്ള തീരുമാനം എടുത്തതായി അറിയില്ല. വകുപ്പ് സെക്രട്ടറി പറഞ്ഞത് വിശ്വസിക്കാനേ തനിക്ക് പറ്റൂ. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ മനസ്സിലാകുമല്ലോയെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ ആവര്‍ത്തിച്ചു. യോഗം നടന്നാല്‍ മിനുറ്റ്സ് ഉണ്ടാകുമല്ലോ. അങ്ങനെ ഒരു മിനുറ്റ്സ് ഇല്ല. മരംമുറിക്ക് അനുമതി കൊടുത്ത ഉത്തരവില്‍ ജലവിഭവ വകുപ്പിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ? ഉത്തരവ് തിരുത്തിയല്ലോ. ഇനി എന്തിനാണ് വിവാദമെന്നും റോഷി ആഗസ്റ്റിന്‍ ചോദിച്ചു.

നവംബർ ഒന്നിന് യോഗം ചേർന്നെന്ന് വനംമന്ത്രി പറഞ്ഞത് തെറ്റായി കാണുന്നില്ല. ഒന്നാം തിയ്യതി യോഗം ചേർന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കും. ദിനേന നടക്കുന്ന യോഗങ്ങളെക്കുറിച്ച് മന്ത്രിമാർ അറിയണമെന്നില്ല. മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും മന്ത്രി പ്രതികരിച്ചു. 

മരംമുറിയും സെക്രട്ടറിതല ചർച്ചയും

ഡോ. ജോ ജോസഫിന്റെ ഹർജിയിലെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖയിലാണ് നിർണായക വിവരം. സെപ്തംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽത്തന്നെ ബേബി ഡാം ബലപ്പെടുത്താൻ ധാരണയായെന്ന് ഒക്ടോബർ 27 ന് സമർപ്പിച്ച രേഖയിൽ നിന്ന് വ്യക്തം. ഇതിനാവശ്യമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനും ഏതാനും മരങ്ങൾ മുറിക്കാനും തീരുമാനമായതായി കേരളം വിശദീകരിച്ചു. മരം മുറിക്കുന്നതിനായുള്ള അപേക്ഷ നടപടി ക്രമം പാലിച്ച് സമർപ്പിക്കാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെ തമിഴ്‌നാട് അത് പാലിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു.

വിവാദ ഉത്തരവിറക്കാൻ ഇടയായ സാഹചര്യങ്ങൾ സർക്കാരിനോട് വിശദീകരിച്ച ബെന്നിച്ചൻ തോമസും 17ന് ജല വിഭവ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നെന്ന് രേഖകൾ സഹിതം വ്യക്തമാക്കി. യോഗത്തിൽ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്തതതായും രേഖകൾ സ്ഥിരീകരിക്കുന്നു. ഈ യോഗത്തെ കുറിച്ചും അറിയില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.

ഇതിനിടെ ജലവിഭവ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ടില്ലെന്നു പറഞ്ഞ റോഷി അഗസ്റ്റിൻ, സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകി. പി.സി.വിഷ്ണുനാഥിന്റേതാണ് നോട്ടീസ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News