എൻഎസ്എസ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ച ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ട് പ്രവർത്തകർ
ആർഎസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എൻഎസ്എസിനെ മാറ്റാൻ അനുവദിക്കാനാവില്ലെന്ന് ഒരു വിഭാഗം
Update: 2025-06-22 06:21 GMT
തൃശൂർ: തൃശ്ശൂർ മാള കുഴൂരിൽ എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ച ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു. മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് എതിർപ്പിന് ഇടയാക്കിയത്.
മാള കുഴൂർ 2143 -ാം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടത്. കെ.സി നടേശന്റെ പ്രസംഗം തടസപ്പെടുത്തിയ എൻഎസ്എസ് പ്രവർത്തകർ പരിപാടിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്ത്.
ബഹളമായതിന് പിന്നാലെ മാള പൊലീസെത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ആർഎസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി NSSനെ മാറ്റാൻ അനുവദിക്കാനാവില്ലന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പരിപാടിയിൽ ആർഎസ്എസ് നേതാവിനെതിരെ പ്രതിഷേധം ഉയർന്നത്.