ദേശീയ പാത വിവാദം; സുധാകരനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച ആരിഫിനെ തള്ളി സജി ചെറിയാൻ

'ആരിഫിന്‍റെ കത്തിന്മേൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല' മന്ത്രി സജി ചെറിയാന്‍

Update: 2021-08-15 07:28 GMT

ദേശീയപാതാ നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജി സുധാകരനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച എ.എം ആരിഫ് എംപിക്ക് തിരിച്ചടി. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിയതും പാർട്ടിയോട് ആലോചിക്കാത്തതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. 

ആരിഫിന്‍റെ കത്തിന്മേൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും പാർട്ടി നേതാവെന്ന രീതിയിൽ അദ്ദേഹത്തിന് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് സി.പി.എം പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിലെ മുന്‍ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയാണ് സജി ചെറിയാന്‍

Advertising
Advertising

അമ്പലപ്പുഴയിലെ പാർട്ടി അന്വേഷണത്തിൽ തന്നെ പ്രതിരോധത്തിലായ ജി സുധാകരനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതായിരുന്നു എ എം ആരിഫിന്റെ കത്ത്. എന്നാൽ ഈ നീക്കം പാളിയെന്ന് മാത്രമല്ല, സിപിഎം എം പി തന്നെ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തങ്ങളിൽ ക്രമക്കേട് ആരോപിച്ചത് പ്രതിപക്ഷത്തിന് ആയുധവുമായി. പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് ആരിഫ് മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കാര്യങ്ങളിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വരുന്ന പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആണ് ആരിഫിനെ തള്ളി സജി ചെറിയാൻ തന്നെ രംഗത്തെത്തിയത്.

2019ലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം നടന്നത്. അന്ന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെന്നാണ് എ എം ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. ക്രമക്കേടുണ്ടെന്ന സംശയമാണ് എ എം ആരിഫ് കത്തില്‍ ഉന്നയിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആരിഫ് ആവശ്യപ്പെട്ടു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News