സി.ഐ.സി ജനറൽബോഡിയിൽ സമസ്തക്കെതിരെ പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് സമസ്ത മുശാവറ
സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിൽ നടന്ന സമവായ ചർച്ചയുടെ തുടർച്ചയായ നിർദേശങ്ങളെ ഇന്ന് കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ സ്വാഗതം ചെയ്തു.
കോഴിക്കോട്: സമസ്ത-സി.ഐ.സി സമവായ നീക്കത്തിൽ കല്ലുകടി. സമവായ നിർദേശം ചർച്ച ചെയ്ത സി.ഐ.സി ജനറൽബോഡിയിൽ സമസ്തക്കെതിരെ പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു. സാദിഖലി തങ്ങൾ അംഗീകരിച്ച ഹക്കീം ഫൈസിയുടെ രാജിക്കാര്യ വീണ്ടും ചർച്ചക്ക്‌വെച്ചതിലും സമസ്തക്ക് അതൃപ്തിയുണ്ട്.
സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിൽ നടന്ന സമവായ ചർച്ചയുടെ തുടർച്ചയായ നിർദേശങ്ങളെ ഇന്ന് കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ സ്വാഗതം ചെയ്തു. സമസ്തയുടെ നിർദേശ പ്രകാരമാകും മുന്നോട്ടുപോവുകയെന്ന കാര്യം സി.ഐ.സി അംഗീകരിച്ചതിലും മുശാവറ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ സമവായ നിർദേശം ചർച്ച ചെയ്ത സി.ഐ.സിയുടെ ജനറൽ ബോഡിയിൽ തന്നെ സമസ്തക്കെതിരെ പ്രമേയം അവതരിപ്പിക്കപ്പെട്ടതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു.
സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന അബ്ദൽ ഹക്കീം ഫൈസിയുടെ രാജി സാദിഖലി തങ്ങൾ നേരത്തെ സ്വീകരിക്കുകയും പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാൽ ഹക്കീം ഫൈസിയുടെ രാജിക്കാര്യം ജനറൽബോഡി വീണ്ടും ചർച്ചക്കെടുത്തത് അത് തള്ളിക്കളഞ്ഞ് വീണ്ടും രാജിവെക്കുന്ന രീതിയിലേക്ക് പോയതിലും സമസ്തക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചയിലൂടെ സമസ്ത സി.ഐ.സി തർക്കം പരിഹരിച്ചെന്ന പ്രതീതിയുണ്ടായെങ്കിലും പ്രശ്ങ്ങൾ ബാക്കിയാണെന്ന സൂചനയാണ് ഇന്നത്തെ മുശാവറയിലെ തീരുമാനങ്ങളിലൂടെ സമസ്ത നൽകുന്നത്.