കേരളം ഫാസിസത്തോട് രാജിയാകരുത്: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ

കേന്ദ്രം വച്ചു നീട്ടുന്ന സാമ്പത്തിക ഫണ്ടുകളിൽ പ്രലോഭിതരായി ഫാസിസത്തോടു രാജിയാകുന്നതിനു പകരം സാമ്പത്തിക നഷ്ടങ്ങൾക്കു മറ്റു പരിഹാരമാർഗങ്ങൾ ആരായുകയാണ് വേണ്ടതെന്ന് ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു

Update: 2025-10-25 14:08 GMT

കോഴിക്കോട്: കേരളം ഫാസിസത്തോട് രാജിയാകരുതെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ. ഭൂരിപക്ഷ സംസ്ഥാനങ്ങളും വർഗീയ ഫാസിസ്റ്റുകൾക്ക് കീഴടങ്ങിയപ്പോഴും ചെറുത്തുനിന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എൽഡിഎഫ്- യുഡിഎഫ് മുന്നണികളിലായി സംഘടിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു നിന്നു സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനു നേതൃത്വം നൽകിയതിനാലാണിതു സാധ്യമായത്. വിദ്യാഭ്യാസ മേഖലയിലേക്കുള്ള കടന്നുകയറ്റം എന്നും ഫാസിസത്തിനു വേരുറപ്പിക്കാനുള്ള പ്രധാന മാർഗമാണ്. 2022 മുതൽ നിലവിലുള്ള പിഎം ശ്രീ സ്‌കൂൾ പദ്ധതി വിദ്യാഭ്യാസത്തിന്റെ മതേതര മൂല്യങ്ങൾക്കു കോട്ടം വരുത്തുകയും വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ അധികാരങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുകയും ചെയ്യുമെന്നു മനസ്സിലാക്കിയായിരുന്നു കേരളം ഇതിൽനിന്നു വിട്ടുനിന്നിരുന്നത്. എന്നാൽ സഖ്യകക്ഷികളെ പോലും വിശ്വാസത്തിലെടുക്കാതെയും മന്ത്രിസഭയുടെ തീരുമാനം പോലുമില്ലാതെയും ഈ പദ്ധതിയിൽ അംഗമായിരിക്കുകയാണ് കേരളവും. കേന്ദ്രം വച്ചു നീട്ടുന്ന സാമ്പത്തിക ഫണ്ടുകളിൽ പ്രലോഭിതരായി ഫാസിസത്തോടു രാജിയാകുന്നതിനു പകരം സാമ്പത്തിക നഷ്ടങ്ങൾക്കു മറ്റു പരിഹാരമാർഗങ്ങൾ ആരായുകയാണ് വേണ്ടതെന്ന് ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു.

Advertising
Advertising

നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ലാ താലൂക്ക് തലങ്ങളിൽ സംഘടന ക്യാമ്പുകളും 2026 ജനുവരിയിൽ 'കുടുംബജീവിതം അനിവാര്യമാണ്' എന്ന പ്രമേയത്തിൽ വിപുലമായ ക്യാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു. ജംഇയ്യത്തിന്റെ പുതിയ സെക്രട്ടറിമാരായി ഇ.എം അബൂബക്കർ മൗലവി ചെരക്കാപറമ്പ്, കെ.വീരാൻകുട്ടി മുസ്ലിയാർ ആമയൂർ എന്നിവരെയും പുതിയ മുശാവറ അംഗങ്ങളായി വേങ്ങര തേക്കിൽ പള്ളി മുദരിസ് കെ.സദഖത്തുല്ല മുഈനി, വണ്ടൂർ ജാമിഅ മുദർരിസ് കെ.പി അബൂഹനീഫ മുഈനി എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് യു.അബ്ദുറഹീം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. നാദാപുരം മുദരിസ് കെ.കെ കുഞ്ഞാലി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.നജീബ് മൗലവി ചർച്ച അവതരിപ്പിച്ചു. മൗലാനാ വെളിമണ്ണ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ഇ.എം.അബൂബക്കർ മുസ്ലിയാർ ചെരക്കാപ്പറമ്പ്, സയ്യിദ് ഹസ്സൻ സഖാഫ് തങ്ങൾ കൊടക്കൽ, സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, മുഴിപ്പോത്ത് അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ.വീരാൻ കുട്ടി മുസ്‌ലിയാർ, കൂരാട് മുഹമ്മദ് അലി മുസ്‌ലിയാർ, പി.അലി അക്ബർ മൗലവി, ബഷീർ ബാഖവി മൂന്നിയൂർ, എ.എൻ സിറാജുദ്ദീൻ മൗലവി, മുജീബ് വഹബി നാദാപുരം, ഇ.കെ. അബ്ദുറശീദ് മുഈനി, പി.ഉസ്മാൻ ബാഖവി തഹ്ത്താനി, എൻ.കെ അബ്ദു നാസ്വിർ മൗലവി, കെ.യു ഇസ്ഹാഖ് ഖാസിമി എന്നിവർ പ്രസംഗിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News