സത്യഭാമയുടെ വിവാദ പരാമർശം: അന്വേഷണം നടത്താൻ ഡിജിപിക്ക് പട്ടിക ജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശം
കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്നും കമ്മീഷൻ
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് പട്ടിക ജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശം. വിഷയം പത്ത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപിക്ക് നിർദേശം നൽകിയത്. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്നും കമ്മീഷൻ വിലയിരുത്തി.
സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. വിഷയത്തിൽ പ്രതികരണത്തിനായി സത്യഭാമയെ സമീപിച്ച മാധ്യമങ്ങൾക്ക് രൂക്ഷമായ പ്രതികരണമാണ് നൃത്താധ്യാപിക നൽകിയത്. ഒരാളെയും അധിക്ഷേപിച്ച് യൂട്യൂബ് ചാനലിൽ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ അവർ കലാ മേഖലയിൽ നിന്ന് പലരും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം, അധിക്ഷേപ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമിയും ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. കലാമേഖലയിൽ തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.