ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്; ബജറ്റില്‍ അനുവദിച്ചത് കോടികള്‍,ചെലവാക്കിയത് പൂജ്യം!

ഈ വർഷം ജനുവരി 31 വരെ സ്‌കോളർഷിപ്പ് പദ്ധതികൾക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് നിയമസഭാ രേഖ വ്യക്തമാക്കുന്നു

Update: 2023-02-12 06:50 GMT
Advertising

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് തുകയിൽ നയാപൈസ ചെലവാക്കാതെ രണ്ടാം പിണറായി സർക്കാർ. ഈ വർഷം ജനുവരി 31 വരെ സ്‌കോളർഷിപ്പ് പദ്ധതികൾക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് നിയമസഭാ രേഖ വ്യക്തമാക്കുന്നു. ന്യൂനപക്ഷ ക്ഷേമത്തിനായി കഴിഞ്ഞ തവണ ബജറ്റിൽ വകയിരുത്തിയ തുകയുടെ വെറും 22.3 ശതമാനമാണ് സർക്കാർ വിനിയോഗിച്ചത്.

സാമ്പത്തിക പരാധീനത മൂലം പഠനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത പത്ത്, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് 10,000 രൂപയും ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 15,000 രൂപയും ലഭിക്കുന്നതാണ് ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്. ഈ വർഷം ജനുവരി 31 വരെ നയാപൈസ ചെലവാക്കിയില്ല. സിവിൽ സർവീസിനുള്ള സ്‌കോളർഷിപ്പും വിദേശ പഠനത്തിനുള്ള സ്‌കോളർഷിപ്പും ആർക്കും ലഭിച്ചില്ല. മൂന്നിനും കൂടി വകയിരുത്തിയത് ആറര കോടി രൂപയാണ്. പ്ലസ് ടു പൊതുപരീക്ഷയിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് കൊടുക്കുന്ന സ്‌കോളർഷിപ്പിൽ നയാപൈസ ചെലവാക്കിയിട്ടില്ല. 30 ശതമാനം പെൺകുട്ടികൾക്കാണ് ഇത് ലഭിക്കുക.

സർക്കാർ,എയിഡഡ് മേഖലയിലെ പോളിടെക്നിക്കുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന്‍റെ സ്ഥിതിയും ഇങ്ങനെ തന്നെ. 82 ലക്ഷം രൂപയാണ് എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന്‍റെ ബജറ്റ് വിഹിതം. മദർ തെരേസ സ്‌കോളർഷിപ്പിനായി 68 ലക്ഷം രൂപയും, ഐ.ടി.സി ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം ആയി  4.02 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും അനുവദിച്ചില്ല.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്കും ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതിക്കും ഉൾപ്പടെയാണ് ന്യൂനക്ഷേമ പദ്ധതികൾക്ക് നീക്കിവെച്ച 22.3 ശതമാനം തുക ചെലവാക്കിയിരിക്കുന്നത്. നിയമസഭയില്‍ മഞ്ചേശ്വം എം.എൽ.എ എ.കെ.എ അഷ്‌റഫിന്റെ ചോദ്യത്തിന് ന്യൂനപക്ഷകാര്യമന്ത്രി വി അബ്ദുറഹ്മാൻ നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News