സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ: തീരുമാനം ഇന്ന്

മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം

Update: 2021-06-22 01:43 GMT

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം രണ്ടാംഘട്ട അൺലോക്ക് ഇളവുകൾ തീരുമാനിക്കും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം.

ഇന്നലെ ടിപിആർ പത്തിൽ താഴെ എത്തിയിരുന്നു. അത് ഇന്നും തുടർന്നാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ തുറക്കുന്നത്, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകൾ ചർച്ചയാകും. കൂടുതൽ സമയം കടകൾ തുറന്ന് പ്രവർത്തിക്കുക, ജിമ്മുകളുടെ പ്രവർത്തനാനുമതി എന്നിവയും പരിഗണിച്ചേക്കാം. സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങൾ മാറ്റിയേക്കും. വാരാന്ത്യ ലോക്ഡൗൺ തുടരാനാണ് സാധ്യത.

Advertising
Advertising

ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായി.

ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നും താഴെ എത്തുന്നത്. തിങ്കളാഴ്ചത്തെ ടിപിആര്‍ 9.63. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 99,693. മരണ സംഖ്യയും കുറയുന്നതും കേരളത്തിന് ആശ്വാസമായി. നിലവില്‍ ടിപിആര്‍ 30ന് മുകളിലുള്ള 16 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. പ്രാദേശിക നിയന്ത്രണങ്ങള്‍ ഇവിടെ ഫലം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. മൂന്നാംതരംഗം ഉണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലും വേണം. സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരിച്ച കുട്ടികള്‍ക്കും നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരക്കുകയും ശേഷിച്ചയാള്‍ ഇപ്പോള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികള്‍ക്ക് മാസം 2000 രൂപ വീതം 18 വയസ്സാകുന്നതുവരെ നല്‍കും. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. ബിരുദതലം വരെയുള്ള പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News