ആകെയുണ്ടായിരുന്ന ഒറ്റമുറി വീടും വിഷുദിനത്തിൽ കത്തിനശിച്ചു; മാറ്റിയുടുക്കാൻ വസ്ത്രം പോലുമില്ലാതെ ഷൈലജയുടെ കുടുംബം

പോത്തിനെ വിറ്റുകിട്ടിയ ഒന്നേകാൽ ലക്ഷം രൂപയടക്കം വീട്ടിലുണ്ടായിരുന്ന എല്ലാം കത്തിനശിച്ചു. വസ്ത്രങ്ങൾ മുഴുവൻ കത്തിനശിച്ചതിനാൽ മാറ്റിയുടുക്കാൻ ഒരു വസ്ത്രം പോലുമില്ലാത്ത ദയനീയാവസ്ഥയിലാണ് ഈ കുടുംബം.

Update: 2022-04-17 11:36 GMT

കോഴിക്കോട്: വിഷുദിനത്തിൽ ആകെയുണ്ടായിരുന്ന ഒറ്റമുറി വീടും കത്തിനശിച്ചതിന്റെ ഞെട്ടലിലാണ് കോഴിക്കോട് പള്ളിപ്പൊയിൽ സ്വദേശി ഷൈലജയും കുടുംബവും. പോത്തിനെ വിറ്റുകിട്ടിയ ഒന്നേകാൽ ലക്ഷം രൂപയടക്കം വീട്ടിലുണ്ടായിരുന്ന എല്ലാം കത്തിനശിച്ചു. വസ്ത്രങ്ങൾ മുഴുവൻ കത്തിനശിച്ചതിനാൽ മാറ്റിയുടുക്കാൻ ഒരു വസ്ത്രം പോലുമില്ലാത്ത ദയനീയാവസ്ഥയിലാണ് ഈ കുടുംബം.

വീടെന്ന് വിളിക്കാൻ പറ്റാത്ത മണ്ണിൽ തീർത്ത, പനയോല മേഞ്ഞ ഒറ്റമുറി കൂരയിലാണ് ഷൈലജയും കുടുംബവും കഴിഞ്ഞ 18 വർഷമായി താമസിക്കുന്നത്. വിഷുസദ്യ കഴിക്കും മുമ്പേയാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. തീപിടിത്തമുണ്ടായപ്പോൾ വീടിനകത്ത് ആരുമില്ലാതിരുന്നതുകൊണ്ട് ആളപായമൊന്നും ഉണ്ടായില്ല. അയൽവാസികളെത്തിയാണ് തീയണച്ചത്. ഇതിനിടെ രണ്ടുപേർക്ക് പൊള്ളലേറ്റു.

Advertising
Advertising

ഷൈലജയുടെ ഭർത്താവ് വളർത്തിയിരുന്ന മൂന്ന് പോത്തുകളെ വിറ്റുകിട്ടിയ ഒന്നേകാൽ ലക്ഷം രൂപ വീടുപണിക്കായി കരുതിവെച്ചതായിരുന്നു. അക്കൗണ്ട് പ്രവർത്തിക്കാത്തതിനാൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാവശ്യമായ രേഖകൾ ശരിയാക്കുന്നതിനിടെയാണ് തീപിടിത്തം.

സുഖമില്ലാത്ത ഭർത്താവും പ്ലസ്ടു വിദ്യാർഥിയായ മകനുമാണ് ഷൈലജയ്‌ക്കൊപ്പമുള്ളത്. വാടകയ്ക്ക് മാറി താമസിക്കാൻ പോലും നിവൃത്തിയില്ലാത്ത കുടുംബം അയൽവീട്ടിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മഴയെത്തും മുമ്പേ പുതിയ വീട്ടിലേക്ക് മാറാനാവുമോ എന്ന ആശങ്കയിലാണ് ഇവർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News