'റിമാൻഡ് റിപ്പോർട്ടിൽ തൃപ്തനല്ല, ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം'; പ്രതികരിച്ച് സിദ്ധാർഥന്റെ അച്ഛൻ

റിമാൻഡ് റിപ്പോർട്ട് ഇങ്ങനെയേ വരുമായിരുന്നുള്ളൂവെന്ന് അറിയാമെന്നും രക്ഷിക്കുമെന്ന് നേതാക്കളുടെ ഉറപ്പില്ലായിരുന്നുവെങ്കിൽ പ്രതികൾ കീഴടങ്ങുമായിരുന്നില്ലെന്നും ജയപ്രകാശ്

Update: 2024-03-04 08:36 GMT

സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശന്‍

Advertising

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തിലുള്ള റിമാൻഡ് റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് സിദ്ധാർഥന്റെ കുടുംബം. ഗൂഢാലോചനാ കുറ്റവും കൊലപാതക കുറ്റവും ചേർക്കാത്തതാണ് അതൃപ്തിക്ക് കാരണം. പരാതിക്കാരിയായ പെൺകുട്ടിയെ കുറിച്ചും റിമാൻഡ് റിപ്പോർട്ടിലില്ലെന്നും അവർ പറഞ്ഞു. സിദ്ധാർഥിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കുന്നതാണ് റിപ്പോർട്ടെന്ന് അച്ഛൻ ജയപ്രകാശ് കുറ്റപ്പെടുത്തി. ആത്മഹത്യയല്ല കൊലപാതകം ആണെന്ന് ആദ്യം മുതൽ പറയുകയാണെന്നും അതിന് തെളിവുകളുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കൊലപാതകത്തിന്റെ വകുപ്പുകൾ റിമാൻഡ് റിപ്പോർട്ടിൽ ചേർക്കണമെന്നും അന്വേഷണത്തിൽ തൃപ്തനല്ലെന്നും പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് കണ്ടതോടെയാണ് അന്വേഷണത്തിലെ തൃപ്തി നഷ്ടമായതെന്നും ഈ രീതിയിൽ അന്വേഷണം നടന്നാൽ പ്രതികൾ ഊരിപ്പോരുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ അന്വേഷണം നോക്കിയിട്ട് തൃപ്തനല്ലെങ്കിൽ മറ്റ് ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും രണ്ടുമൂന്നു ദിവസത്തിനകം അതിൽ തീരുമാനമെടുക്കുമെന്നും പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് ഇങ്ങനെയേ വരുമായിരുന്നുള്ളൂവെന്ന് അറിയാമെന്നും രക്ഷിക്കുമെന്ന് നേതാക്കളുടെ ഉറപ്പില്ലായിരുന്നുവെങ്കിൽ പ്രതികൾ കീഴടങ്ങുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കമ്പി കൊണ്ട് തലയുടെ പിറകിൽ അടികിട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നും എന്നാൽ അതെവിടെ പോയെന്നും ചോദിച്ചു.

ഗവർണർക്ക് നട്ടെല്ലുള്ളത് കൊണ്ടാണ് വിസിയെ സസ്പെൻഡ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി. ഏറെ കുറ്റം ചെയ്ത ഡീനിനെയും അസിസ്റ്റന്റ് വാർഡനെതിരെയും നടപടി ഉണ്ടായില്ലെന്നും ഡീൻ കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇവർക്കെതിരെ ഇനിയും ഒരു നടപടിയും ഉണ്ടാകില്ലെന്ന് അറിയാമെന്നും സ്ഥാനത്ത് നിന്ന് നീക്കി ഇവരെ പ്രതി പട്ടികയിൽ ചേർക്കണമെന്നും പറഞ്ഞു.

അതേസമയം, സംവരണ സീറ്റിൽ കയറിയയാളെന്ന് പറഞ്ഞുള്ള അധിക്ഷേപങ്ങൾ സിദ്ധാർഥൻ നേരിട്ടിരുന്നുവെന്നും അച്ഛൻ ജയപ്രകാശ് പറഞ്ഞു. അവിടെ പലരും ലക്ഷങ്ങൾ കൊടുത്തു കയറിയെന്ന് സിദ്ധാർഥനോട് പറഞ്ഞുവെന്നും എന്നാൽ വെറ്ററിനറി സർവകലാശാലയിൽ ലക്ഷങ്ങൾ കൊടുക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News