ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം; സംയുക്ത പ്രസ്താവനയുമായി സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ

ടീസ്റ്റ സെറ്റൽവാദ്, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു, ആനന്ദ് പട് വർദ്ധൻ, കെ. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്

Update: 2025-02-27 11:49 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ. ടീസ്റ്റ സെറ്റൽവാദ്, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു, ആനന്ദ് പട് വർദ്ധൻ, കെ. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. ആശമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ട് സമരം ഒത്തുതീർപ്പാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആശാവർക്കർമാർ ഉയർത്തുന്ന ആവശ്യങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതിന് പകരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് ആരോഗ്യ- ധനകാര്യ മന്ത്രിമാരും ചില സിപിഎം- സിഐടിയു നേതാക്കളും ശ്രമിക്കുന്നത് എന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സമരം ചെയ്യാനും സംഘടിക്കാനുമുള്ള പ്രാഥമിക അവകാശത്തെപ്പോലും ഭരണാധികാരികൾ ചോദ്യം ചെയ്യുന്നു. ആശാവർക്കാർമാരെ അഭിസംബോധന ചെയ്തു സംസാരിച്ചവരെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ബാലിശവും പരിഹാസ്യവുമായ നീക്കങ്ങൾ ഉണ്ടാകുന്നു. ഒരു പരിഷ്‌കൃത ജനാധിപത്യസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല ഇതൊന്നും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കാനും സമരത്തെ അടിച്ചമർത്താനുമുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രസ്താവനയിൽ പറയുന്നു.  

Advertising
Advertising

കേന്ദ്രത്തിനാണ് മുഖ്യ ഉത്തരവാദിത്വം എന്ന് പറഞ്ഞ് കൈയൊഴിയാൻ സംസ്ഥാന സർക്കാരിനാവില്ലെന്നും, അങ്ങനെ എങ്കിൽ കേന്ദ്ര സർക്കാരിന് മുൻപിൽ ആശാവർക്കർമാരുടെ ആവശ്യം ഉന്നയിച്ച് പരിഹാരം കാണാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും പ്രസ്താവന ഓർമിപ്പിക്കുന്നു. ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഒളിച്ചോടരുതെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, നൽകാനുള്ള 3 മാസത്തെ കുടിശിക നൽകുക, വിരമിക്കൽ പ്രായം 62  എന്ന ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂലമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിന് മുൻപിൽ ആശമാരുടെ രാപകൽസമരം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News