ചേന്ദമംഗലം കൂട്ടക്കൊല അന്വേഷിക്കാൻ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം
കേസിലെ പ്രതി റിതു കുറ്റം സമ്മതിച്ചു
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ 17 അംഗം സംഘം കേസ് അന്വേഷിക്കും.
കേസിലെ പ്രതി റിതു കുറ്റം സമ്മതിച്ചു. പരിക്കേറ്റ ജിതിൻ തന്റെ സഹോദരിയെ കുറിച്ച് മോശമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടയാൻ ശ്രമിച്ചവരെ പിന്നിട് ആക്രമിക്കുകയായിരുന്നുവെന്നും മൊഴി. കൃത്യം നടത്തുന്പോൾ പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കണ്ണന്‍, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന്‍ ജിതിൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് ശേഷം റിതു ബൈക്കില്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളുടെ പേരില്‍ മുൻപ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പൊലീസ് വ്യക്തമാക്കി.