'ശബരിമല സ്ത്രീ പ്രവേശനത്തിലെ ബീഫ് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു': എൻ.കെ പ്രേമചന്ദ്രൻ

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്ത് കനക ദുർഗയെയും അമ്മിണിയെയും ശബരിമലയിൽ എത്തിച്ചു എന്ന ആരോപണം പ്രേമചന്ദ്രൻ് ആവർത്തിച്ചു

Update: 2025-10-20 10:01 GMT

എൻ.കെ പ്രേമചന്ദ്രൻ Photo: MediaOne

പത്തനംതിട്ട: പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചത് പിണറായി സർക്കാരാണെന്ന വിവാ​ദ പരാമർശം ആവർത്തിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണെന്നും എംപി പറഞ്ഞു.

'കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിൽ മുറിവേൽപ്പിച്ച സംഭവമായിരുന്നു പൊലീസിന്റെ ആശീർവാദത്തോടെ സ്ത്രീകളെ ശബരിമലയിൽ കയറ്റിയ നീക്കം. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. അതേ പിണറായി സർക്കാരാണ് 2025ൽ ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയത് എന്നത് വലിയ വിരോധാഭാസമാണ്.' പ്രേമചന്ദ്രൻ പറഞ്ഞു.

Advertising
Advertising

'പൊലീസ് അകമ്പടിയോടെയാണ് രഹ്ന മലയിലേക്കെത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ വച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നേരത്തെ പറയുകയും ചെയ്തതാണ്. കോൺ​ഗ്രസ് നേതാക്കളും ഇതേ വിഷയം ആവർത്തിച്ചെങ്കിലും തനിക്ക് നേരെ മാത്രമാണ് വലിയ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നത്.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന സിപിഎം സൈബർ സംഘത്തിന്റെ വർഗീയ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ എംപി‌, ആ​ഗോള അയ്യപ്പസം​ഗമത്തിലെ കണക്ക് പ്രസിദ്ധീകരിക്കാൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും ചോദിച്ചു.

പ്രേമചന്ദ്രന്റേത് തികച്ചും വസ്തുതാവിരു​ദ്ധമായ പ്രസ്താവനകളാണെന്നും രഹ്ന ഫാത്തിമയുമായി തന്നെ ചേർത്തുപറയുന്നത് മറ്റ് ഉദ്ദേശങ്ങൾക്ക് വേണ്ടിയാണെന്നുമാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.

'രഹ്ന ഫാത്തിമ തന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് സ്നേഹമുണ്ട്. പക്ഷെ അവരുമായി തന്നെ കൂട്ടികെട്ടുന്നതിലൂടെ വർ​ഗീയ ധ്രുവീകരണമാണ് പ്രേമചന്ദ്രന്റെ ലക്ഷ്യം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു എംപിയുടെ വാക്കുകൾ വല്ലാതെ നിരാശപ്പെടുത്തി.' ബിന്ദു അമ്മിണി മീഡിയവണിനോട് പറഞ്ഞു.

യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയുടെ പന്തളത്ത് സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News