ഗുജറാത്ത് സർക്കാറുമായി ബന്ധമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്: വിഡി സതീശൻ

'കോൺഗ്രസാണ് മുഖ്യ ശത്രുവെന്നാണ് സിപിഎം നിലപാട്'

Update: 2022-04-27 09:28 GMT

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ യുഡിഎഫ് നേതാക്കൾ. ഗുജറാത്ത് സർക്കാറുമായി ബന്ധമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഗുജറാത്തിലേത് സത്‍ഭരണമെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. കോൺഗ്രസാണ് മുഖ്യ ശത്രുവെന്നാണ് സിപിഎം നിലപാടെന്നും സതീശൻ കൂട്ടിച്ചേർത്തു.

സതീശന് പുറമെ നിരവധി നേതാക്കളാണ് സർക്കാർ നീക്കത്തിനെതിരെ രംഗത്തു വരുന്നത്. പിണറായി വിജയന്‍റെ  കേരള സർക്കാരിന് എന്തുകൊണ്ടും കണ്ട് പഠിക്കാവുന്ന മാതൃകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സംവിധാനമെന്ന് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഗുജറാത്ത് ഒരിക്കലും ഒരു മോഡലല്ല. അവിടെ നിന്നും ഒന്നും പഠിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ രാഷ്ട്രീയം നോക്കിയല്ല കാര്യങ്ങൾ പഠിക്കുന്നതെന്നും പഠിച്ചാലേ നടപ്പിലാക്കാൻ പറ്റുമോയെന്ന് അറിയാൻ കഴിയുകയുള്ളുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

Advertising
Advertising

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസർ ഉമേഷ് ഐഎസിനേയും നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ ഇന്നാണ് പുറത്തിറക്കിയത്. ഇരുവർക്കും ഇന്ന് മൂതൽ മൂന്ന് ദിവസത്തേക്ക് ഗുജറാത്തിൽ പോകാൻ അനുമതി നൽകി.

2019 ൽ വിജയ് രൂപാണി സർക്കാർ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്‌സ് ഡാഷ് ബോർഡ് സിസ്റ്റം. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാൻഡ്,കൺട്രോൾ,കംപ്യൂട്ടർ,കമ്മ്യൂണിക്കേഷൻ,കോംബാറ്റ് എന്നി 5ര കൾ വഴി സർക്കാർ വകുപ്പുകളുടെ പ്രകടനത്തിൻറെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വീഡിയോ സ്‌ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സർക്കാരിൻറെ വികസന പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായാണ് ഗുജറാത്തിൻറെ അവകാശവാദം . കേന്ദ്ര സർക്കാർ നിർദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സർക്കാർ വിശദീകരണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News