മിത്ത് പരാമർശത്തിൽ സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്നാവശ്യം; തുടർപ്രക്ഷോഭം ആലോചിക്കാൻ ഇന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും

മിത്ത് വിവാദങ്ങൾക്കിടെ നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും

Update: 2023-08-06 00:54 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിൽ തുടർ പ്രതിഷേധ പരിപാടികൾ എങ്ങനെ വേണമെന്ന് ആലോചിക്കാൻ എൻ എസ് എസ് ഡയറക്ടർ ബോർഡ് ഇന്ന് യോഗം ചേരും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ എൻ.എസ്.എസ് ഉറച്ചു നിൽക്കുകയാണ്. കൂടുതൽ ഹിന്ദു സംഘടനകളെ ഒപ്പം ചേർത്ത് പ്രതിഷേധം ശക്തമാകണമെന്ന് എൻ എസ് എസിൽ ചിലർക്ക് അഭിപ്രായം ഉണ്ട്. നാമ ജപ യാത്രക്കെതിരെ പോലീസ് കേസ് എടുത്തതുംഎൻ.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽ വെച്ചാകും ഇന്ന് തുടർ പരിപാടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുക.

അതേസമയം, മിത്ത് വിവാദം കൊടിമ്പിരി കൊണ്ടിരിക്കെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 23 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ വരും. മുതലപ്പൊഴി മുതല്‍ പ്ലസ് വണ്‍ സീറ്റ് വരെയുള്ള വിവാദങ്ങള്‍ സഭയില്‍ ഉയരും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്.സ്പീക്കർ മാപ്പ് പറയണെമന്നാവശ്യത്തില്‍ എന്‍ എസ് എസ് ഉറച്ച് നില്‍ക്കുകയാണ് ഇതിനിടിയിലാണ് നിയമസഭ സമ്മേളനം നാളെ ആരംഭിക്കുന്നത്. നാളെ ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീണ്ട് നില്‍ക്കും. നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും.

അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്. ഈ സഭ സമ്മേളനത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഉയർന്ന് വരാനുണ്ട്. മിത്ത് വിവാദമാണ് പ്രധാന വിഷയം.എന്നാല്‍ ഇത് സജീവമാക്കി സഭയില്‍ ഉയർത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മദ്യനയം,സെമി ഹൈസ്പീഡ് റെയില്‍, ഇ.ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, എഐ ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും,മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും.ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ബില്‍ ,അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News