'ഇപ്പോഴും അടുത്ത സുഹൃത്ത്, ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണം'; റിനി ജോർജ്
തന്റെ ഭാഗത്ത് സത്യമുണ്ടെന്നും താൻ ഈ ആരോപണം ഉന്നയിച്ച ശേഷം ഇയാളിൽ നിന്നും സമാനമായ അനുഭവങ്ങൾ ഉണ്ടായ ഒരുപാട് സ്ത്രീകൾ തന്നെ വിളിച്ചിരുന്നതായും റിനി മാധ്യമങ്ങളോട് പറഞ്ഞു
എറണാകുളം: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി പുതുമുഖ നടി റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു. അദ്ദേഹം ഇപ്പോഴും അടുത്ത സുഹൃത്താണെന്നും ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണമെന്നും റിനി പറഞ്ഞു. തനിക്ക് കടുത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്നും റിനി പറഞ്ഞു.
വെളിപ്പെടുത്തൽ നടത്തിയപ്പോൾ മുതൽ സൈബർ ആക്രമണം നേരിടുന്നുണ്ട് എന്നാണ് റിനി വ്യക്തമാക്കുന്നത്. ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കമാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി. തന്റെ ഭാഗത്ത് സത്യമുണ്ടെന്നും താൻ ഈ ആരോപണം ഉന്നയിച്ച ശേഷം ഇയാളിൽ നിന്നും സമാനമായ അനുഭവങ്ങൾ ഉണ്ടായ ഒരുപാട് സ്ത്രീകൾ തന്നെ വിളിച്ചിരുന്നതായും റിനി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കർ രംഗത്തെത്തി. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തക ഉൾപ്പടെ നിരവധി സ്ത്രീകളെ തനിക്കറിയാം എന്നും പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നും ഹണി പറഞ്ഞു. സ്ത്രീകൾ ഇരകൾ ആകാതിരിക്കാനാണ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത് എന്നാണ് ഹണി ഭാസ്‌കർ മാധ്യമങ്ങളോട് പ്രതികരിച്ചത്.