'ഇത്തവണ തിരുവനന്തപുരവും എടുക്കും'; സുരേഷ് ഗോപി
എല്ലാ തെരഞ്ഞെടുപ്പിലും രാവിലെ ഏഴുമണിക്ക് എത്തി വോട്ട് ചെയ്യാറുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ തിരുവനന്തപുരവും പിടിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി. ശാസ്തമംഗലം ബൂത്ത് നമ്പർ മൂന്നിൽ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വോട്ട് ചെയ്യാനെത്തിയതായിരുന്നു സുരേഷ് ഗോപി. എല്ലാ തെരഞ്ഞെടുപ്പിലും രാവിലെ ഏഴുമണിക്ക് എത്തി വോട്ട് ചെയ്യാറുണ്ട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് എത്തി വോട്ട് ചെയ്തപ്പോള്‍ മാത്രമാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതീക്ഷയല്ല, ഇത്തവണ എടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു.കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.
കൊല്ലം കോർപറേഷൻ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ്ങ് മെഷീൻ തകരാറിലായി. പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീൻ മാറി.പാണ്ടിത്തിട ഗവ.എല്‍പിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീനായിരുന്നു എത്തിക്കേണ്ടിയിരുന്നത്.പകരം തലവൂർ ഡിവിഷന്റെ വോട്ടിങ്ങ് മെഷീനാണ് എത്തിച്ചത്.