ഷാരോൺ വധക്കേസ്: തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം

കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.

Update: 2022-11-07 18:20 GMT

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഡി.ജി.പി ഓഫീസിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് എ.ജി പൊലീസിന് നിയമോപദേശം നൽകിയത്. കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു നേരത്തെ ലഭിച്ച നിയമോപദേശം. തമിഴ്നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചിരുന്നു. കേസ് തമിഴ്നാടിന് കൈമാറരുതെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു.

Advertising
Advertising

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഷാരോൺ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നൽകിയത് തമിഴ്‌നാട്ടിലെ രാമവർമൻചിറയിലെ വീട്ടിൽ വച്ചാണ്. ഇത് തമിഴ്‌നാട് പൊലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു.

അതേസമയം, കേസിലെ രണ്ടും മൂന്നൂം പ്രതികളായ സിന്ധു, നിർമൽ കുമാർ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായ ഇരുവരെയും നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. തെളിവെടുപ്പുൾപ്പെടെ പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണമെന്നും കോടതി നിർദേശം നൽകി.

കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഷാരോണിന് നൽകിയ കഷായം ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്ന പാത്രമുൾപ്പടെ നിർണായക തെളിവുകൾ ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിൽ ലഭിച്ചിരുന്നു. ഷാരോണിനെ പല തവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഷാരോണിനെ ഒഴിവാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News