ഓക്സിജൻ ബംഗാളിൽ നിന്ന് കേരളത്തിൽ എത്തിക്കും: ടാങ്കറുകള്‍ അയച്ചു

റോഡ് മാര്‍ഗ്ഗം കോയമ്പത്തൂരിലെത്തിച്ച്, വിമാനമാര്‍ഗ്ഗം പശ്ചിമ ബംഗാളിലേക്ക് അയച്ചു

Update: 2021-05-15 14:58 GMT

പശ്ചിമ ബംഗാളിൽ നിന്ന് ഓക്സിജൻ കേരളത്തിൽ എത്തിക്കുന്നതിനുള്ള ടാങ്കറുകള്‍ കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അയച്ചു. ഇന്നലെ എയർ ഇന്ത്യയുടെ പ്രത്യേക കാർഗോ വിമാനത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടാങ്കറുകള്‍ അയയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിമാനം ലാൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

കാലാവസ്ഥ അനുകൂലമാകാത്തതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കോയമ്പത്തൂരിലെത്തിച്ച ഓക്സിജന്‍ ടാങ്കറുകളാണ് വിമാനമാര്‍ഗ്ഗം പശ്ചിമ ബംഗാളിലേക്ക് എത്തിച്ചത്. രാവിലെ ഏഴ് മണിക്ക് ആദ്യ ടാങ്കറും ഉച്ചക്ക് ഒരു മണിയോടെ രണ്ടാമത്തെ ടാങ്കറും പശ്ചിമ ബംഗാളിലേക്ക് അയച്ചു. 9 ടൺ വീതം ഓക്സിജൻ നിറയ്ക്കാവുന്ന ടാങ്കറുകളാണിവ.

Advertising
Advertising

കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ടാങ്കറുകൾ ഓക്സിജൻ പ്ലാന്റിലെത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും പരിശീലനം ലഭിച്ച ഡ്രൈവർമാരും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും വിമാനങ്ങളില്‍ ബംഗാളിലെത്തിയിട്ടുണ്ട്. ഓക്സിജൻ നിറച്ച് രണ്ട് ദിവസത്തിനകം ടാങ്കറുകൾ പ്രത്യേക വിമാനത്തിൽ തന്നെ കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരും.

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സ്യൂളുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇവരില്‍ നിന്ന് 8 പേരാണ് പശ്ചിമ ബംഗാളിലേക്ക് തിരിച്ചിരിക്കുന്നത്. 3 എംവിഐ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ട്.

ഇതിനിടെ യുഎഇയിൽ നിന്ന് ഇന്നലെ 700 കിലോഗ്രാം ഓക്സിജൻ വിമാന മാർഗം കൊച്ചിയിലെത്തിച്ചു. ദുബൈയിൽ നിന്നുള്ള വിമാനത്തിൽ സിലിണ്ടറുകളിലാണ് ഓക്സിജൻ എത്തിച്ചത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News