Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: അധ്യാപക പുനർനിയമന കൈക്കൂലിക്കേസിൽ സെക്രട്ടേറിയറ്റിലെ ഫയലുകൾ പരിശോധിക്കാൻ അനുമതി തേടി വിജിലൻസ്. വിജിലൻസ് ഡയറക്ടർ പൊതുഭരണ വകുപ്പിന് കത്ത് നൽകും.
അറസ്റ്റിലായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ സുരേഷ് ബാബുവിനായി കസ്റ്റഡി അപേക്ഷയും നൽകും. കോട്ടയം വിജിലൻസ് യൂണിറ്റിന്റെ ശിപാർശയെ തുടർന്നാണ് നടപടി.
സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകളാണ് പരിശോധിക്കുക. ഒന്നാം പ്രതി വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയനും വിജിലൻസ് പിടിയിലായിരുന്നു.
പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ ഒന്നര ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടത്. നിയമന നടപടികൾ പൂർത്തിയാകുമ്പോൾ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ധാരണം. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് ഒന്നര ലക്ഷം രൂപ കൈമാറുന്നതിനിടെ കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറും സംഘവും വിജയനെ പിടികൂടി. മുൻ ഹെഡ്മാസ്റ്റർ ആയ വിജയൻ സംഘത്തിലെ ചെറിയൊരു കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വാർത്ത കാണാം: