സാങ്കേതിക സർവകലാശാല: അക്കാദമിക് വിഭാഗം ഡീനിന് പരീക്ഷാ കൺട്രോളറുടെ ചുമതല

അക്കാദമിക് വിഭാഗം ഡീനായ ഡോ. വിനു തോമസിനാണ് താൽക്കാലിക ചുമതല

Update: 2025-01-24 12:20 GMT

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പുതിയ പരീക്ഷാ കൺട്രോളർ. അക്കാദമിക് വിഭാഗം ഡീനായ ഡോ. വിനു തോമസിനാണ് താൽക്കാലിക ചുമതല. ഇന്നലെയാണ് പഴയ കൺട്രോളറുടെ കാലാവധി അവസാനിച്ചത്. വിസിയും സർക്കാരും തമ്മിലുള്ള പോരിനെ തുടർന്ന് നിയമനം പ്രതിസന്ധിയിലായിരുന്നു.

സിൻഡിക്കേറ്റിനെ മറികടന്ന് സ്വന്തം നിലയ്ക്ക് പരീക്ഷാ കൺട്രോളറുടെ കാലാവധി നീട്ടാൻ വിസി സർക്കാരിന് ശിപാർശ നൽകിയിരുന്നു. നിയമപരമായ വഴിയിലൂടെ ശിപാർശ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ വിസിക്ക് മറുപടി നൽകി. നേരത്തെ കൺട്രോളറുടെ കാലാവധി നീട്ടാൻ സിൻഡിക്കേറ്റ് എടുത്ത തീരുമാനം വിസി റദ്ദാക്കിയിരുന്നു.

Advertising
Advertising

പുതിയ വിസി എത്തി ആദ്യ സിൻഡിക്കേറ്റ് യോഗം മുതൽക്കേ സാങ്കേതിക സർവകലാശാലയിൽ പ്രശ്നങ്ങൾ തുടങ്ങി. അഭിപ്രായ ഭിന്നതയെ തുടർന്ന് യോഗത്തിൽ നിന്നിറങ്ങി പോയ വിസി തന്റെ അഭാവത്തിൽ സിൻഡിക്കേറ്റെടുത്ത തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. പരീക്ഷാ കൺട്രോളറുടെ കാലാവധി നീട്ടി നൽകുന്നത് അങ്ങനെ റദ്ദാക്കപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഇത് സർവകലാശാലയിൽ ഭരണ പ്രതിസന്ധിക്ക് കാരണമാകും എന്ന തരത്തിലേക്ക് വലിയ ആരോപണങ്ങളും ഉയർന്നു. പിന്നാലെ സിൻഡിക്കേറ്റിനെ മറികടന്ന് കൺട്രോളറുടെ കാലാവധി നീട്ടി നൽകാൻ വിസി സ്വന്തം നിലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി.

സർവകലാശാലയിലെ 14/ 5 വ്യവസ്ഥ പ്രകാരം അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്ന് കത്തിൽ പറയുന്നു. എന്നാൽ, വി സിയുടെ ശുപാർശ സർക്കാർ പൂർണമായും തള്ളി. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ശേഷം സ്വന്തം നിലയ്ക്ക് ശുപാർശ നൽകുന്നത് നിയമപരമല്ല. വിഷയത്തിൽ സിൻഡിക്കേറ്റ് തീരുമാനമെടുത്ത് അടിയന്തരമായി സർക്കാരിനെ അറിയിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അക്കാദമിക് വിഭാഗം ഡീൻ ഡോ. വിനു തോമസിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News