അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആർ അജിത് കുമാറിന് താത്ക്കാലിക ആശ്വാസം
പ്രോസിക്യൂഷൻ അനുമതിയില്ലാതെ നടപടികൾ തുടർന്നത് നിയമപരമല്ല എന്ന് നിരീക്ഷിച്ചായിരുന്നു സിംഗിൾ ബെഞ്ച് നടപടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ ഹരജിയിൽ താൽക്കാലിക ആശ്വാസം. ക്ലീൻ ചീറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി കണ്ടെത്തി. അജിത് കുമാറിനെതിരായ പരാതി നിലനില്‍ക്കും. പ്രോസിക്യൂഷൻ സാൻക്ഷൻ ഇല്ല എന്നതാണ് സാങ്കേതിക കാരണം. എപ്പോഴാണോ പ്രോസിക്യൂഷൻ സാൻക്ഷൻ ലഭിക്കുന്നത്, അപ്പോൾ മുതൽ അന്വേഷണം നടത്താം. പ്രൊസിക്യൂഷന്‍ അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമര്‍ശങ്ങളും ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമര്‍ശമാണ് റദ്ദാക്കിയത്.
വിജിലൻസ് അന്വേഷിച്ച് ക്ലീൻചിറ്റ് നൽകിയ കേസിൽ വീണ്ടും അന്വേഷണം ആകാമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി വിധിയാണ് അജിത്കുമാർ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. എന്നാൽ കീഴുദ്യോഗസ്ഥൻ അന്വേഷിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, അജിത് കുമാറിനെതിരെ വീണ്ടും അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. പ്രോസിക്യൂഷൻ അനുമതിയില്ലാതെ നടപടികൾ തുടർന്നത് നിയമപരമല്ല എന്ന് നിരീക്ഷിച്ചായിരുന്നു സിംഗിൾ ബെഞ്ച് നടപടി.