ഹെർണിയ ശസ്ത്രക്രിയയിൽ പിഴവ്, വൃഷണം നീക്കേണ്ടി വന്നു; സർജനെതിരെ പരാതി

വയനാട് മെഡിക്കൽ കോളജ് സർജൻ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെയാണ് പരാതി

Update: 2023-10-16 06:32 GMT

വയനാട്: ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന് വൃഷണം നഷ്ടപ്പെട്ടതായി പരാതി. തോണിച്ചാൽ സ്വദേശി എൻ.എസ് ഗിരീഷിനാണ് വൃഷണം നഷ്ടമായത്. സംഭവത്തിൽ വയനാട് മെഡിക്കൽ കോളജ് സർജൻ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെ ഗിരീഷ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി വയനാട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ വൃഷണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച് എടുക്കാനെത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടർ ഗിരീഷിനെ അറിയിക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്റെ പ്രവർത്തനം നിലച്ചതായി കണ്ടെത്തുകയും വൃഷ്ണം നീക്കം ചെയ്യുകയുമായിരുന്നു.

Advertising
Advertising

മെഡിക്കൽ റിപ്പോർട്ടിൽ ടോർഷൻ എന്ന വാക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഗിരീഷ് അറിയിക്കുന്നത്. വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ചു എന്നാണ് ഇതിനർഥം. സ്‌കാനിംഗിൽ ടോർഷൻ സംഭവിച്ചത് വ്യക്തമായിട്ടും മരുന്ന് കഴിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ തന്നെ അറിയിച്ചിരുന്നെങ്കിൽ വിദഗ്ധ ചികിത്സ തേടാമായിരുന്നുവെന്നും തന്റെ ജീവൻ വരെ അപകടത്തിലാക്കുകയും അവയവം നഷ്ടപ്പെടുത്തുകയും ചെയ്തതിനാലാണ് നിയമ നടപടിയെന്നും ഗിരീഷ് പറയുന്നു. സ്റ്റിച്ച് എടുക്കാൻ ചെന്ന ദിവസം വൃഷണത്തിൽ നീർക്കെട്ട് കണ്ടെതിനെ തുടർന്ന് മറ്റൊരു ഡോക്ടറാണ് സ്‌കാനിംഗിന് നിർദേശിക്കുന്നത്.

ടോർഷൻ സംഭവിച്ചാൽ ആറ് മണിക്കൂർ മാത്രമേ സാധാരണ ഗതിയിൽ രോഗി ജീവിക്കാനിടയുള്ളൂ. എന്നാൽ ടോർഷൻ സംഭവിച്ചത് പോലും ഡോക്ടർ മറച്ചു വച്ചത് ഗുരുതര വീഴ്ചയാണെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ കഴിയുന്നതിനിടെ ഒരിക്കൽ പോലും ഡോ.ജുബേഷ് തന്നെ പരിശോധിക്കാൻ എത്തിയിട്ടില്ലെന്നാണ് ഗിരീഷ് പറയുന്നത്. അസഹ്യമായ വേദനയുണ്ടായിരുന്ന കാര്യം പറയാൻ പോലും തനിക്കായില്ലെന്നും ഗിരീഷ് കൂട്ടിച്ചേർക്കുന്നു.

ഗിരീഷിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നുമാണ് ഡിഎംഒ അറിയിച്ചിരിക്കുന്നത്. മാനന്തവാടി മെഡിക്കൽ കോളജിലെ തന്നെ ക്ലാർക്കായിരുന്നു ഗിരീഷ്. കഴിഞ്ഞ മാസമാണ് എടവക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറിയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News