"ഈഴവ സമുദായകാരൻ കഴകക്കാരനായി എന്നതുകൊണ്ട് ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കില്ല" കഴകക്കാരനെ വിലക്കിയതിൽ വിയോജിപ്പുമായി തന്ത്രി കുടുംബാഗം
"ഒരാളെ ജാതിയുടെ പേരിൽ മാറ്റിനിർത്തുന്നത് ഒരിക്കലും ശരിയല്ല"
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനെ വിലക്കിയതിൽ വിയോജിപ്പുമായി തന്ത്രി കുടുംബാഗം. ഈഴവ സമുദായത്തിൽ പെട്ട ഒരാൾ കഴകക്കാരനായി എന്നതുകൊണ്ട് ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കില്ലെന്ന് തന്ത്രിമാരിൽ ഒരാളായ തരണനെല്ലൂർ പടിഞ്ഞാറെ മനയിലെ അനി പ്രകാശ് നമ്പൂതിരി മീഡിയവണിനോട് പറഞ്ഞു.
"കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ആറ് കുടുംബങ്ങളിലേക്കാണ് പോകുന്നത്. അതിൽ ഒരാൾ മാത്രമാണ് ഞാൻ. ആ വ്യക്തിയെ മാറ്റി നിർത്തണം എന്ന നിലപാട് താൻ എടുത്തിട്ടില്ല. ഒരാളെ ജാതിയുടെ പേരിൽ മാറ്റിനിർത്തുന്നത് ഒരിക്കലും ശരിയല്ല" അനി പ്രകാശ് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന കഴകക്കാരനെ കൂടി പരിഗണിച്ച് മുന്നോട്ട് പോകണമായിരുന്നെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴി നിയമിക്കപ്പെട്ടത്.അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടു നിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം, ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി. എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.
അതേസമയം, അയിത്തം വെച്ച് പുലർത്തുന്ന ക്ഷേത്രങ്ങളെ ബഹിഷ്‌കരിക്കാൻ പിന്നോക്ക ജനവിഭാഗം തയ്യാറാവണമെന്നും കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊള്ളണമെന്നും വിമർശനവുമായി ശിവഗിരിമഠം രംഗത്തെത്തി.
വാർത്ത കാണാം: