ഫലസ്തീൻ വിഷയത്തിൽ തരൂർ പ്രസ്താവന തിരുത്തണം: കെ.മുരളീധരൻ

ചെന്നിത്തല പറഞ്ഞതാണ് ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാടെന്നും മുരളീധരൻ

Update: 2023-11-12 06:54 GMT

ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ.മുരളീധരൻ എം.പി. തരൂർ പ്രസ്താവന തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞതാണ് വിഷയത്തിൽ കോൺഗ്രസ് നിലപാടെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു

"തരൂരിന്റെ ആ ഒരു വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ചില നിർദേശങ്ങൾ വർക്കിങ് കമ്മിറ്റി തള്ളിയതാണ്. വർക്കിങ് കമ്മിറ്റിയുടെ ശക്തമായ നിലപാട് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

ഫലസ്തീനിൽ ഒക്ടോബർ 7ന് നടന്നത് ഭീകരാക്രമണമല്ല എന്നതാണ് കോൺഗ്രസ് നിലപാട്. ദുരിതമനുഭവിക്കുന്നവരുടെ വികാരപ്രകടനമായി അതിനെ കണ്ടാൽ മതി. അതിന് ശേഷം നടക്കുന്നതെല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്. അതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം. എന്നാൽ അതിനുപകരം വിഭജനത്തിന്റ കട തുറക്കാനാണ് മാർക്‌സിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ഫലസ്തീൻ റാലി വോട്ടിന് വേണ്ടിയാണ്. ഒറ്റക്കെട്ടായി നിൽക്കുന്ന ജനതയെ വോട്ടിന് വേണ്ടി വിഭജിക്കാനാണ് മാർക്‌സിസ്റ്റ് പാർട്ടി നോക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പ്രസംഗിച്ചതൊക്കെ പച്ചക്കള്ളം എന്ന് വേണം കരുതാൻ.

Advertising
Advertising
Full View

തരൂർ പ്രസ്താവന തിരുത്തിയാൽ പിന്നെ കോൺഗ്രസിനെ പറ്റി ആർക്കും ഒന്നും പറയാൻ കഴിയില്ല. അദ്ദേഹം പ്രസ്താവന തിരുത്തും എന്ന് തന്നെയാണ് പ്രതീക്ഷ. കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകരാണ് തീരുമാനിക്കേണ്ടത്. പാർട്ടിക്കെല്ലാവരും ഒരുപോലെയാണ്. പരിപാടിയിലേക്ക് തരൂരിനെ ക്ഷണിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. പരിപാടിയിൽ ഞാൻ എന്തായാലും പങ്കെടുക്കും.". മുരളീധരൻ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News