'ഈ ഒത്തുചേരലിന്​ ആയിരം വാക്കുകളേക്കാള്‍ ശക്തി'; താഴത്തങ്ങാടി ഇമാമിന്‍റെയും സി.എസ്.ഐ ബിഷപ്പിന്‍റെയും ചിത്രം പങ്കുവെച്ച് വി.ഡി സതീശന്‍

മതസൗഹാര്‍ദവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ഈ വാര്‍ത്താചിത്രം സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Update: 2021-09-16 14:30 GMT

സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനെയും താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനിയെയും സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമുദായിക സ്​പർധ വളർത്താനുള്ള ചില ദുഷ്​ടശക്​തികളുടെ ശ്രമത്തിനിടെ ഇരുവരും വിളിച്ച സംയുക്തവാര്‍ത്താസമ്മേളനം മാതൃകയാണെന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തിന്‍റെ ചിത്രം പങ്കുവെച്ച അദ്ദേഹം ഇരുവരുടെയും ഒത്തുചേരലിന്​ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനിടെ നോക്കുകുത്തിയായി ഒരു ഭരണകൂടം മാറി നില്‍ക്കുന്നിടത്താണ് മതസൗഹാര്‍ദ്ദത്തിന് പോറല്‍ ഏല്‍ക്കാതിരിക്കാനുള്ള ശ്രമവുമായി ഈ രണ്ടു മത നേതാക്കള്‍ ഒത്തുചേര്‍ന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. മതസൗഹാര്‍ദവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ഈ വാര്‍ത്താചിത്രം സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

സാമുദായിക സ്പര്‍ധ വളര്‍ത്തി കേരളത്തിന്റെ സാമൂഹിക ഇഴയടുപ്പം പിച്ചിച്ചീന്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ ചിത്രത്തിന്. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് പോറലേല്‍ക്കരുതെന്ന സന്ദേശവുമായി സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമാണ് സി.എസ്.ഐ ബിഷപ്പ് ഹൗസില്‍ കഴിഞ്ഞ ദിവസം സംയുക്ത പത്രസമ്മേളനം നടത്താനായി ഒത്തുചേര്‍ന്നത്.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനിടെ നോക്കുകുത്തിയായി ഒരു ഭരണകൂടം മാറി നില്‍ക്കുന്നിടത്താണ് മതസൗഹാര്‍ദ്ദത്തിന് പോറല്‍ ഏല്‍ക്കാതിരിക്കാനുള്ള ശ്രമവുമായി ഈ രണ്ടു മത നേതാക്കള്‍ ഒത്തുചേര്‍ന്നത്. ഈ ഇഴയടുപ്പം തന്നെയാണ് വര്‍ഗീയവാദികളെ ഇത്രകാലവും അകറ്റിനിര്‍ത്താന്‍ കേരള സമൂഹം പുറത്തെടുത്തിരുന്ന ആയുധവും. മതസൗഹാര്‍ദ്ദവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ ഈ വാര്‍ത്താചിത്രം സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Full View 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News