മുണ്ടക്കൈ ഇരകളെ കാണാതെ കേന്ദ്രം; പ്രഖ്യാപിച്ച സഹായം കൃത്യമായി ലഭിച്ചില്ലെന്ന് പരാതി
പുനരധിവാസത്തിനുള്ള തുക കൃത്യമായി വിനിയോഗിക്കാത്തതാണ് പ്രശ്‌നമെന്നാണ് ബിജെപിയുടെ വിശദീകരണം
വയനാട്: വയനാട് മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ കൃത്യമായി ലഭിച്ചില്ലെന്ന് പരാതി. ദുരിതബാധിതർക്ക് കേന്ദ്രം അനുവദിച്ച 530 കോടി രൂപ വായ്പയായി നൽകിയത് അനീതിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പുനരധിവാസത്തിനുള്ള തുക കൃത്യമായി വിനിയോഗിക്കാത്തതാണ് പ്രശ്‌നമെന്നാണ് ബിജെപിയുടെ വിശദീകരണം.
2000 കോടിയിലധികം രൂപ മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിന് ആകെ വേണ്ടി വരും എന്നാണ് സംസ്ഥാന സർക്കാർ കണക്കാക്കിയത്. കേന്ദ്രസർക്കാരിനോട് പ്രത്യേക സഹായവും സംസ്ഥാനം അഭ്യർത്ഥിച്ചു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം എന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. എന്നാൽ വായ്പയായി 530 കോടിയോളം രൂപ അനുവദിച്ചതല്ലാതെ മറ്റ് സഹായങ്ങളൊന്നും കേന്ദ്രത്തിൽ നിന്നുണ്ടായില്ല എന്നാണ് പരാതി.
പുനരധിവാസത്തിനായി ആവശ്യത്തിന് തുക ഉണ്ടായിട്ടും സംസ്ഥാന സർക്കാർ ചിലവഴിക്കുന്നില്ല എന്നാണ് ബിജെപിയുടെ ആക്ഷേപം. പുനരധിവാസത്തിന് സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള തുക കൃത്യമായി വിനിയോഗിച്ചാൽ വീണ്ടും സഹായം ആവശ്യമെങ്കിൽ കേന്ദ്രം പരിഗണിക്കുമെന്നും ബിജെപി വിശദീകരിക്കുന്നു.