"ഞാൻ എന്‍റെ പോക്കറ്റിൽ നിന്നും തന്നാൽ മതിയോ?"; ഓണറേറിയം ചോദിച്ച അധ്യാപികയോട് കയര്‍ത്തും പരിഹസിച്ചും ഡി.പി.ഐ ഉദ്യോഗസ്ഥന്‍

"തന്നെ പഠിപ്പിക്കേണ്ടെന്നും കിട്ടുമ്പോള്‍ അയ്ക്കും" എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്താണ് അധ്യാപികയോടുള്ള സംഭാഷണം ഉദ്യോഗസ്ഥന്‍ അവസാനിപ്പിക്കുന്നത്

Update: 2022-04-06 16:30 GMT
Editor : ijas

മൂന്നു മാസമായി മുടങ്ങിയ ഓണറേറിയം ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കു വിളിച്ച പ്രീ പ്രൈമറി അധ്യാപികയോട് പരിഹസിച്ചും കയര്‍ത്തും ഉദ്യോഗസ്ഥന്‍. പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൃത്യസമയത്ത് അപേക്ഷ ലഭിക്കാത്തതിനാലാണ് ഓണറേറിയത്തിനുള്ള തുക അനുവദിക്കാത്തതെന്നാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉദ്യോഗസ്ഥര്‍ അവിടേക്ക് ഫോണില്‍ വിളിച്ച അധ്യാപകരോട് വിശദമാക്കിയത്. ഈ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രീ പ്രൈമറി മേഖലയിലെ അധ്യാപക പ്രതിനിധി ഡി.പി.ഐ ഓഫീസില്‍ വിളിച്ചത്.

ഫോണ്‍ വിളിച്ച അധ്യാപിക പ്രീ പ്രൈമറിക്കാരുടെ ഓണറേറിയം ജനുവരി മുതല്‍ മാര്‍ച്ച് വരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ 'അക്കാര്യം തങ്ങള്‍ക്കറിയാമെന്നാണ്' ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുന്നത്. മൂന്നുമാസമായി ഓണറേറിയം ലഭ്യമാക്കാത്തത് ആരാഞ്ഞ അധ്യാപികയോട് 'താനത് തന്‍റെ പോക്കറ്റില്‍ നിന്നും തന്നാല്‍ മതിയോയെന്നാണ്' ഉദ്യോഗസ്ഥന്‍റെ പരിഹാസത്തോടെയുള്ള മറുപടി. "മാഡം ഇങ്ങോട്ട് വരൂ, ഞാനങ്ങ് മാറിത്തരാം. ഇവിടെയിരുന്നങ്ങു ചെയ്തോ" എന്ന് പരിഹസിക്കുന്ന ഉദ്യോഗസ്ഥന്‍ 'തന്നെ പഠിപ്പിക്കേണ്ടെന്നും കിട്ടുമ്പോള്‍ അയ്ക്കും' എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്താണ് അധ്യാപികയോടുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്. ഫോണ്‍ വിളിച്ച അധ്യാപികയോട് കയര്‍ത്തും പരിഹസിച്ചുമുള്ള ഉദ്യോഗസ്ഥന്‍റെ മറുപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Advertising
Advertising

പതിനയ്യായിരത്തോളം വനിതകള്‍ മാത്രം ജോലി ചെയ്യുന്ന പ്രീ പ്രൈമറിയില്‍ 2861 അധ്യാപകര്‍ക്കും 1965 ആയമാര്‍ക്കും മാത്രമാണ് സര്‍ക്കാരില്‍ നിന്നും ഓണറേറിയമുള്ളത്. മറ്റുള്ളവര്‍ക്ക് പി.ടി.എയില്‍ നിന്നുള്ള തുച്ഛമായ ശമ്പളമാണ് ഉപജീവനം. അധ്യാപകര്‍ക്ക് 12000-12500 രൂപയും ആയമാര്‍ക്ക് 7000-7500 രൂപയുമാണ് ഓണറേറിയം. ജനുവരിയില്‍ ഓണറേറിയത്തിലെ അധ്യാപകര്‍ക്ക് 6000-6250 രൂപയും ആയമാര്‍ക്ക് 5000-5250 രൂപയും വീതവും മാത്രമാണ് നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഓണറേറിയം മുടങ്ങുന്നതിലെ കാരണമെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള വിശദീകരണം.

DPI officer scolded and mocked the teacher who asked for the honorarium

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News