പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ്

ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കായി ശ്രീധരന്‍ ഹാജരാകും

Update: 2022-12-17 01:39 GMT
Editor : Jaisy Thomas | By : Web Desk

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ്. കേസില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സി.കെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കായി ശ്രീധരന്‍ ഹാജരാകും.

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ഫെബ്രുവരി 2നു സി.ബി.ഐ പ്രത്യേക കോടതിയിൽ തുടങ്ങും. ഇതിന് മുന്നോടിയായാണ് കെ.പി സി.സി മുൻ വൈസ് പ്രസിഡൻ്റും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ സി.കെ ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്.ഈ അടുത്തിടെ സി.കെ.ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഉദുമ മുൻ എം.എൽ.എ  കെ.വി. കുഞ്ഞിരാമനടക്കം 24 പേർ പ്രതികളായ കേസിൽ ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കായാണ് സി.കെ ശ്രീധരന്‍ ഹാജരാകുന്നത്.

Advertising
Advertising

വിസ്താരത്തിനു ഹാജരാവേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്കു കൈമാറി. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും പേരും അടങ്ങുന്ന പട്ടികയാണു കോടതിക്കു നൽകിയത്. ഇവർക്ക് ഉടൻ സമൻസ് അയക്കും. പ്രതിഭാഗം സാക്ഷികളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ല. 2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സി.ബി.ഐ കേസ്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നൽകിയ ഹരജിയിൽ ഹൈക്കോടതിയാണ് സി.ബി.ഐ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News