എന്തടിസ്ഥാനത്തിലാണ് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി; മോൻസനെ കസ്റ്റഡിയിൽ വിട്ടു

മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Update: 2021-10-05 11:02 GMT

എന്തടിസ്ഥാനത്തിലാണ് മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും കോടതി ചോദിച്ചു.

അവിടെ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേയെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശങ്ങള്‍.

Advertising
Advertising

മോൻസനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സന്‍ ഇടപാടുകള്‍ നടത്തിയത്. ആര് വഴിയാണ് ഇടപാടുകള്‍ എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ മോന്‍സനെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ മോന്‍സനെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. ഏത് അക്കൗണ്ട് വഴിയാണ് ഇടപാടെന്ന് മോന്‍സന് പണം നല്‍കിയവര്‍ക്കറിയാം. ഇടപാട് കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മതി, അതിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News