മലപ്പുറത്ത് യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചു
മലപ്പുറം: മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അടക്കാകുഴിയിൽ എത്തി. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചു. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം .
കടുവയെ പിടികൂടുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും.കടുവയുടെ സാന്നിധ്യം കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘത്തിന് പുറമേ അമ്പതോളം വരുന്ന ആർ ആർ ടി സംഘങ്ങളും ഇന്ന് രാത്രിയിൽ തന്നെ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം നടത്താ നാണ് തീരുമാനം .നാളെ രാവിലെ ഡ്രോൺ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തിൽ മരിച്ച ഗഫൂർ അലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധങ്ങൾക്ക് വിട്ടു നൽകി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദിൽ ഖബറടക്കും.