മോഷണശേഷം കാട്ടിൽ ഒളിച്ച് താമസം; ഡ്രോൺ തെരഞ്ഞിട്ടും കാണാത്ത കള്ളൻ ഒടുവിൽ കൊച്ചിയിൽ പിടിയിൽ

മോഷണം നടത്തിയ ശേഷം കാസർകോട് ചെങ്കൽകുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്നതാണ് അശോകന്റെ രീതി. 300 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ചെങ്കൽകുന്നിലെ വഴികൾ അശോകന് പരിചിതമായിരുന്നു

Update: 2022-05-24 02:13 GMT
Advertising

കാസർകോട്: ഡ്രോൺ ഉപയോഗിച്ച് വരെ തെരച്ചിൽ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനാവാത്ത കള്ളൻ ഒടുവിൽ കൊച്ചി കുടുങ്ങി. മോഷ്ടിച്ച ശേഷം ചെങ്കൽ കുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്ന കാസർകോട് കറുകവളപ്പിൽ അശോകനാണ് ഒടുവിൽ പിടിയിലായത്. കാട്ടിൽ ഒളിച്ച് കഴിയുന്ന ഇയാളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് വരെ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.

കൊച്ചി മറൈൻ ഡ്രൈവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവിധ മോഷണങ്ങളും, പോക്‌സോ കുറ്റവും ഉൾപ്പടെ ഏഴ് കേസുകളാണ് കാഞ്ഞിരപ്പൊയിൽ കറുകവളപ്പിൽ അശോകനെതിരെ ഉള്ളത്. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. വീട്ടമ്മയായ പെരളം സ്വദേശി വിജിതയെ പട്ടാപ്പകൽ തലക്കടിച്ച് വീഴ്ത്തി സ്വർണ്ണാഭരണങ്ങൾ കവർന്നതിനും കൂടാതെ വിവിധ വീടുകളിൽ നിന്ന് മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പണം തുടങ്ങിയവ മോഷ്ടിച്ചതിന്നും കേസുകൾ ഉണ്ട്.

കൊച്ചി മറൈൻഡ്രൈവിൽ ഒളിവിൽ കഴിയുകയായിരുന്ന അശോകനെ മടിക്കൈ കാഞ്ഞിരപ്പൊയിൽ നിന്ന് ടൂറിന് പോയ യുവാക്കളാണ് തിരിച്ചറിഞ്ഞത്. ഉടൻ യുവാക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മറൈൻഡ്രൈവിൽ ഒരു കടയിൽ സുഹൃത്തുമൊത്ത് എത്തിയതായിരുന്നു അശോകൻ. സുഹൃത്തും കസ്റ്റഡിയിലാണ്.

മോഷണം നടത്തിയ ശേഷം ചെങ്കൽകുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്നതാണ് അശോകന്റെ രീതി. 300 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ചെങ്കൽകുന്നിലെ വഴികൾ അശോകന് പരിചിതമായിരുന്നു. ഒരു വഴിയിൽ പൊലീസ് എത്തുമ്പോൾ മറ്റുവഴികളിലൂടെ അശോകൻ രക്ഷപ്പെടുമായിരുന്നു. എളുപ്പത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസും നാട്ടുകാരും ദിവസങ്ങളോളം തെരഞ്ഞെങ്കിലും അശോകനെ പിടികൂടാൻ സാധിച്ചിരുന്നില്ല. കാട്ടിൽ ഡ്രോൺ ഉപയോഗിച്ച് വരെ തെരച്ചിൽ നടത്തിയിരുന്നു. എന്നിട്ടും ഇയാളെ കണ്ടെത്താനായില്ല.

പിന്നീട് എപ്പോഴോ കൊച്ചിയിലേക്ക് മുങ്ങിയത് ആകാം എന്നാണ് പൊലീസ് കരുതുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളായതിനാൽ ആ വഴി കള്ള അന്വേഷണവും മുടങ്ങി. മറൈൻ ഡ്രൈവിൽ നിന്ന് അശോകനെ കണ്ടെത്തിയതോടെ പൊലീസിന് ആശ്വാസമായിരിക്കുകയാണ്.

The thief, who could not be traced by the police despite a search using a drone, was finally caught in Kochi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Bureau

contributor

Similar News