കെ റെയിലിനെതിരെ സെക്രട്ടറിയേറ്റിലേക്കും പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി യുഡിഎഫ്

1400 ഹെക്ടർ സ്ഥലം നികത്തുന്ന, 20,000 പേരെ കുടിയൊഴിപ്പിക്കുന്ന, 50,000 കെട്ടിടങ്ങൾ പൊളിക്കുന്ന, 145 ഹെക്ടർ വയൽ നികത്തുന്ന, 1000 ത്തിലേറെ മേൽപ്പാലങ്ങളും കീഴ്പ്പാലങ്ങളും പണിയേണ്ട ഈ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തിയോ- വിഡി സതീശൻ ചോദിച്ചു

Update: 2021-12-18 08:15 GMT
Advertising

കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് ജനകീയ മാർച്ച്. സെക്രട്ടറിയേറ്റിലേക്കും സിൽവർ ലൈൻ കടന്ന് പോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കുമാണ് മാർച്ച് നടത്തിയത്. സെക്രട്ടറിയേറ്റ് മാർച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് കലക്ടറേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

"കെ റെയിൽ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം മുഖ്യമന്ത്രി പറഞ്ഞത് ഒരുത്തരം: ദേശദ്രോഹികൾ" വിഡി സതീശൻ

ചെറിയ പദ്ധതികൾക്ക് പോലും പാരിസ്ഥിതിക പഠനം വേണം. നാസയുടെ പഠനപ്രകാരം ഏറ്റവും അപകടകരമായ സോണിലുള്ള കേരളത്തിൽ ഇതുപോലൊരു പദ്ധതി നടപ്പാക്കുമ്പോൾ പഠനം വേണ്ടെന്ന് തീരുമാനിച്ചതാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു.കൊച്ചി കലക്‌ട്രേറ്റിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 530 കിമി ദൂരമുള്ള സിൽവർ ലൈനിൽ 292 കിമി ദൂരം 30 അടി ഉയരത്തിലുള്ള, കോട്ട പോലുള്ള മതിലുകെട്ടി വേറൊരു ഡാം കെട്ടാൻ പോകുകയാണ് കേരള സർക്കാറെന്നും അദ്ദേഹം പറഞ്ഞു. 1400 ഹെക്ടർ സ്ഥലം നികത്തുന്ന, 20,000 പേരെ കുടിയൊഴിപ്പിക്കുന്ന, 50,000 കെട്ടിടങ്ങൾ പൊളിക്കുന്ന, 145 ഹെക്ടർ വയൽ നികത്തുന്ന, 1000 ത്തിലേറെ മേൽപ്പാലങ്ങളും കീഴ്പ്പാലങ്ങളും പണിയേണ്ട ഈ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തിയോയെന്നും തങ്ങൾ ചോദിച്ചു. കേന്ദ്രസർക്കാറിന്റെയോ റെയിൽവേയുടെയോ അനുമതിയുണ്ടോയെന്നും ചോദിച്ചു. ഉത്തരം പറയാൻ ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ അതേ രീതിയിൽ തങ്ങളെ വിളിച്ചു 'ദേശദ്രോഹികൾ'. ഏകാധിപതികളുടെ പൊതുസ്വഭാവമാണിത് - വിഡി സതീശൻ പറഞ്ഞു.

കെഎസ്ആർടിസിയിൽ 18 മാസമായി ശമ്പളം ലഭിക്കുന്നില്ല. രണ്ടു ലക്ഷം കോടി ചെലവാക്കി ആർക്കു വേണ്ടിയണ് കെ റെയിൽ കൊണ്ടുവരുന്നത്. അതിന്റെ പലിശ പോയിട്ട് പ്രിൻസിപ്പൽ തുക പോലും നൽകാനാകില്ല. വരാനിരിക്കുന്ന തലമുറകളുടെ മീയെ യാതൊരു പഠനവും കൂടാതെ ഈ പദ്ധതിയുടെ കടം കെട്ടിവെക്കണോ. വിഡി സതീശൻ ചോദിച്ചു.

Full View

സമരം ജനവികാരമായി മാറി: കെ സുധാകരൻ

കെ റെയിലിനെതിരെയുള്ള സമരം ജനവികാരമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് മാത്രമെന്താണ് ഇത്ര വാശിയെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ചോദിച്ചു. തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ സർവ്വേ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനകത്തു സിപിഎമ്മുകാരും സിപിഐകാരും ഉണ്ടാകുമെന്നും കാനത്തിന്റെ വാല് അമ്മിക്കുള്ളിലായതു കൊണ്ടാണ് സിപിഎമ്മിനെ തിരുത്താൻ കഴിയാത്തതെന്നും സുധാകരൻ പരിഹസിച്ചു.

കർഷകന്റെ മണ്ണിലാണ് പിണറായി വിജയൻ കല്ല് ഇടുന്നത്: ഉമ്മൻചാണ്ടി

യുഡിഎഫ് വികസനത്തിനെതിരെ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും കർഷകന്റെ മണ്ണിലാണ് പിണറായി വിജയൻ കല്ല് ഇടുന്നതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പരിസ്ഥിതി പഠനം നടത്തിയത് റിപ്പോർട്ട് ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം പദ്ധതി സംബന്ധിച്ച് ഒന്നും വിശദീകരിക്കാതെ ആണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കെ റെയിലിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ഹൈസ്പീഡ് ട്രെയിനിൽ കാസർകോടെത്തി ആളുകൾ എന്ത് ചെയ്യാനാണ്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരത്ത് നിന്നും ഹൈസ്പീഡ് ട്രെയിനിൽ കാസർകോടെത്തി ആളുകൾ എന്ത് ചെയ്യാനാണെന്നും കെ റയിൽ പദ്ധതി വേണ്ടന്നെല്ല, പ്രായോഗികമല്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കോഴിക്കോട് പരിപാടി ഉദ്ഘാടനം ചെയ്ത പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതി പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുമെന്നും കേരളത്തെ രണ്ടായി വിഭജിക്കുമെന്നും സംസ്ഥാനത്തിന്റെ ആളോഹരി കടം കൂടുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ നാശത്തിന് വഴി വെയ്ക്കുന്ന പദ്ധതിക്ക് എന്തിനാ സർക്കാർ നിർബന്ധം പ്രകടിപ്പിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ പോലും സർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഹൈ സ്പീഡിൽ പായാനുള്ള സാമ്പത്തിക സ്ഥിതി വേണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായും പ്രതിപക്ഷമായും സർക്കാർ ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ റെയിൽ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ സ്റ്റാലിന് പഠിക്കുന്നു - എം.കെ മുനീർ

പിണറായി സർക്കാറിന്റ മരണമണിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം സ്റ്റാലിന് പഠിക്കുകയാണെന്നും ഡോ. എം.കെ മുനീർ എംഎൽഎ പറഞ്ഞു. ദുരന്തങ്ങളെ ഇഷ്ടപ്പെടുന്നയാളാണ് പിണറായിയെന്നും ഓരോ പ്രളയവും അദ്ദേഹത്തെ സമ്പന്നനാക്കുകയാണെന്നു മുനീർ കുറ്റപ്പെടുത്തി. പ്രളയത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് പിണറായിയുടെ ആലോചനയെന്നും ആരോപിച്ചു.

UDF marched against the K Rail to the Secretariat and ten District Collectorates

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News